'ഫോമിലല്ലാത്ത രോഹിത്തിനെ ഓപ്പൺ ചെയ്യിക്കില്ല, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത'; ആര്‍ അശ്വിന് പകരം ആ താരം മൂന്നാം ടെസ്റ്റിൽ ടീമിൽ ഉണ്ടാവണമെന്നും ഹര്‍ഭജന്‍ സിംഗ്

Update: 2024-12-11 05:52 GMT

ബ്രിസ്ബേന്‍: ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പയിലെ നിർണായകമായ മൂന്നാം മത്സരത്തിന്റെ തയ്യാറെടുപ്പുകളിലാണ് ഇരു ടീമുകളും. പെര്‍ത്തിലെ ആദ്യ ടെസ്റ്റിലെ ആവേശജയത്തിന് പിന്നാലെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വമ്പൻ മാർജിനിലാണ് കങ്കാരുപ്പടക്ക് മുന്നിൽ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ടെസ്റ്റിന്റെ 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ ടീമും ക്യാപ്റ്റ്ൻ രോഹിത് ശര്‍മയും വിമര്‍ശനങ്ങളുടെ നടുവിലാണ്. അഡ്‌ലെയ്ഡില്‍ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗ് നിര പരാജയമായപ്പോള്‍ രാഹുലിന് വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വെറും ഒമ്പത് റൺസ് മാത്രമാണ് നേടാനായത്. ഇത് വലിയ വിമർശനങ്ങൾക്കും കാരണമായി.

മൂന്നാം ടെസ്റ്റില്‍ വരേണ്ട ബാറ്റിംഗ് ഓർഡറിനെ കുറിച്ചും ടീമിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ചും ചർച്ചകൾ സജീവമാവുകയാണ്. ഈ സാഹചര്യത്തില്‍ ബ്രിസ്ബേനില്‍ നടക്കുന്ന ടെസ്റ്റില്‍ എന്തൊക്കെ മാറ്റങ്ങളാകും ഇന്ത്യൻ ടീമില്‍ വരുത്തുക എന്ന് പ്രവചിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. രണ്ടാം ടെസ്റ്റില്‍ മധ്യനിരയില്‍ നിരാശപ്പെടുത്തിയെങ്കിലും ബ്രിസ്ബേനിലും രോഹിത് മധ്യനിരയില്‍ തന്നെ തുടരുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ബ്രിസ്ബേനില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ എന്തെങ്കിലും മാറ്റും വരുത്തുമെന്ന് തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

'ഫോമിലല്ലാത്ത രോഹിത്തിനെ ബ്രിസ്ബേനില്‍ ഓപ്പണറായി ഇറക്കുന്നത് ബുദ്ധിപരമായിരിക്കില്ല. ബ്രിസ്ബേനില്‍ രോഹിത് നേരത്തെ ഇറങ്ങുമെന്ന് ഗവാസ്കര്‍ പറഞ്ഞെങ്കിലും അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. പെര്‍ത്തില്‍ പരീക്ഷിച്ച് വിജയിച്ച അതേ ബാറ്റിംഗ് ഓര്‍ഡര്‍ തന്നെയാവും ബ്രിസ്ബേനിലും കളിക്കുക' എന്നും സ്പിന്നർ കൂട്ടിച്ചേർത്തു. ബാറ്റിംഗ് നിരക്ക് വലിയ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ട ഹർഭജൻ ബൗളിംഗ് നിരയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ചും പറഞ്ഞു.

'ബൗളിംഗ് നിരയിലാണ് രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്ന ആര്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. പെര്‍ത്തില്‍ സുന്ദര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാമത്തെ മാറ്റം പേസ് നിരയിലായിരിക്കും. ഹര്‍ഷിത് റാണക്ക് പകരം പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനിലെത്തും. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ഹര്‍ഷിതിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിറം മങ്ങി. ബൗൺസുള്ള ബ്രിസ്ബേനിലെ പിച്ചില്‍ പ്രസിദ്ധ് കൃഷ്ണക്ക് മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 14നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്ബേനില്‍ തുടങ്ങുന്നത്.

Tags:    

Similar News