ഹസ്തദാനമില്ല; ടോസിന് മുമ്പ് പരസ്പരം മുഖത്തുപോലും നോക്കാതെ അകലം പാലിച്ച സൂര്യകുമാറും സല്‍മാന്‍ അലി ആഗയും ഒരുവശത്ത്; വസിം അക്രമിനെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ; കൊളംബോയില്‍ കണ്ട നാടകീയ രംഗങ്ങള്‍

Update: 2026-02-16 10:05 GMT

കൊളംബോ: കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്പോര്‍ട്സില്‍ ശത്രുതയ്ക്ക് സ്ഥാനമില്ലെന്ന് പറയുമ്പോഴും ടോസിനായി പിച്ചിലെത്തിയപ്പോള്‍ പരസ്പരം കണ്ണില്‍പോലും നോക്കാതെ അകലം പാലിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെയും ക്യാമറ കണ്ണുകള്‍ പകര്‍ത്തിയപ്പോള്‍ മറ്റൊരു സവിശേഷമായ കാഴ്ചകൂടി ടെലിവിഷന്‍ സ്‌ക്രീനുകളില്‍ മിന്നിമറഞ്ഞു. അത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ പാക്ക് നായകന്‍ വസിം അക്രമും നേരില്‍ കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ നിമിഷങ്ങളായിരുന്നു.

ഇന്നലെ കൊളംബോയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെയുള്ള രണ്ടു ദൃശ്യങ്ങളാണവ. മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ്മയും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ വസീം അക്രവും ആലിംഗനം ചെയ്ത് സൗഹൃദം പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം മത്സരവേളയില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കില്ലെന്ന നിലപാടാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചുവരുന്നത്. ഇന്നലെ കൊളംബോയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലും ആ രീതി തുടര്‍ന്നു. ഇതുസംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോഴാണ് ഇരുരാജ്യങ്ങളിലെയും താരങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നത്. വലിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വീഡിയോയ്ക്ക് ലഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിന്റെ അംബാസഡറായാണ് രോഹിത് ശര്‍മ്മ കൊളംബോയില്‍ എത്തിയത്. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഔപചാരിക ചടങ്ങിന് മുന്‍പായി രോഹിതും അക്രവും ഒരു ചെറിയ സംഭാഷണം പങ്കിട്ടു. ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു, ആലിംഗനം ചെയ്തു. ഈ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിനൊപ്പം സമയം ചെലവഴിച്ച രോഹിത് ശര്‍മ ക്രിക്കറ്റ് കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഊഷ്മളമായ പുഞ്ചിരിയോടെയും ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തു. വലിയ മത്സരത്തിന് മുമ്പ് ടീമിന് ആശംസകള്‍ നേര്‍ന്ന രോഹിത് മത്സരം ഉടനീളം ഗാലറിയില്‍ ഇരുന്ന് കാണുകയും ടീമിനെ പിന്തുണയ്ക്കുകയും ചെയ്തു.

Tags:    

Similar News