രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും പരിഗണിച്ചില്ല; എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും: സഞ്ജുവിനെ ഓര്‍ത്ത് സങ്കടമുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ്
സഞ്ജുവിനെ ഓര്‍ത്ത് സങ്കടമുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ്
ചണ്ഡീഗഡ്: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കുവന്നതേയുള്ളുവെന്നും സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.
സത്യം പറഞ്ഞാല്‍ അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ പരമാവധി ഉള്‍പ്പെടുത്താനാവൂവെന്ന് എനിക്കറിയാം. പക്ഷെ സഞ്ജുവിന്റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റാണിത്. ഈ ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിംഗ് ശരാശരിയുമുണ്ട്. എന്നിട്ടും അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ലെന്നത് സങ്കടമുള്ള കാര്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കെ എല്‍ രാഹുലാകും പ്രധാന വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 2021ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയ സഞ്ജു 16 മത്സരങ്ങളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തിലായിരുന്നു സഞ്ജുവിന്റെ കന്നി സെഞ്ചുറി. സഞ്ജുവിന് പുറമെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്താതിരുന്നതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു.