ഇന്ത്യയിൽ കളിക്കാൻ താൽപ്പര്യമില്ല; ടി20 ലോകകപ്പിൽ പുതിയ മത്സരക്രമം തയ്യാറാക്കാൻ ഐസിസി; ബംഗ്ളാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ സാധ്യത

Update: 2026-01-05 07:41 GMT

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ മത്സരങ്ങൾ കളിക്കാൻ താൽപര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വ്യക്തമാക്കിയതിന് പിന്നാലെ പുതിയ മത്സരക്രമം തയ്യാറാക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിച്ചാണ് ഐസിസിയുടെ ഈ നീക്കം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ, ബംഗ്ലാദേശിന്റെ പ്രാഥമിക റൗണ്ടിലെ നാല് മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരുന്നത്.

കൊൽക്കത്തയിൽ മൂന്നും മുംബൈയിൽ ഒന്നും മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കേണ്ടിയിരുന്നത്. ഈ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനാണ് നിലവിൽ സാധ്യത. 2024-ൽ ബംഗ്ലാദേശിൽ നടന്ന ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഈ നിലപാടിന് പിന്നിൽ. ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയ വിഷയത്തിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് ഇന്ത്യയോട് അതൃപ്തിയുണ്ടായിരുന്നു.

സമീപകാലത്ത് ബംഗ്ലാദേശിൽ ഇന്ത്യക്കാർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടൂർണമെന്റിൽ നിന്ന് വിലക്കണമെന്ന ആവശ്യം ഉയർന്നതും, പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ കൂടുതൽ പ്രകോപിപ്പിച്ചു. ഈ സംഭവങ്ങളെല്ലാം ചേർന്നാണ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കേണ്ടെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിലേക്ക് നയിച്ചത്.

Tags:    

Similar News