വനിതാ ലോകകപ്പ് സെമിയില്‍ ടോസിലെ ഭാഗ്യം അലീസ ഹീലിക്ക്; ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യും; മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ; ഓപ്പണിങ്ങില്‍ സ്മൃതിക്കൊപ്പം ഷെഫാലി; ഓസിസ് നിരയിലും ഒരു മാറ്റം; ജീവന്‍മരണ പോരാട്ടത്തിന് ഹര്‍മന്‍പ്രീത് കൗറും സംഘവും

Update: 2025-10-30 09:38 GMT

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ നിര്‍ണായക ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ ബാറ്റ് ചെയ്യും. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസിസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റു പുറത്തായ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി. ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് വഴി മാറിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച രാധാ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. സോഫി മൊളിനെക്സ് ടീമിലെത്തി. ജോര്‍ജിയ വറേഹം പുറത്തായി.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം, ഈ ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പു തുടരുന്ന ഏക ടീം തുടങ്ങി കണക്കിലും കളിയിലും ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് ജയവുമായാണ് ഓസീസ് മടങ്ങിയത്. എന്നാല്‍ ഭൂതകാലം നല്‍കിയ ഭീതിയില്‍ കുടുങ്ങിക്കിടക്കാതെ, ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ പൊരുതാന്‍ ഉറച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങുക. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വന്തം മണ്ണിലെ വിശ്വകിരീട പോരില്‍ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍. മൂന്ന് വീതം ജയവും തോല്‍വിയും. ഗ്രൂപ്പില്‍ തോല്‍പിച്ചവരില്‍ ഓസ്‌ട്രേലിയയുമുണ്ട്. 330 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി..

ആശിച്ച തുടക്കമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്നാലെയേറ്റ തുടര്‍ തോല്‍വികള്‍ ഒരു ഘട്ടത്തില്‍ ടീമിന് ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വഴിതുറക്കുമെന്നു വരെ ആരാധകര്‍ കരുതി. അവിടെനിന്നാണ് നിര്‍ണായക മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ന് ഇറങ്ങുമ്പോഴും ഇതേ പോര്‍വീര്യമാണ് ടീം ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. അസാധ്യ ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗ്‌സ്, അമന്‍ജോത് കൗര്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ബാറ്റിങ് സുശക്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പരുക്കേറ്റ ഓപ്പണര്‍ പ്രതിക റാവലിനു പകരം ഷെഫാലി വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഫാലി നല്‍കുന്ന വെടിക്കെട്ട് തുടക്കം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ബോളിങ്ങില്‍ പേസര്‍ ക്രാന്തി ഗൗഡും രേണുക സിങ് ഠാക്കൂറും മികച്ച ഫോമിലാണ്.

മൂന്നാം പേസറായി അമന്‍ജോതും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. ദീപ്തി ശര്‍മ നയിക്കുന്ന സ്പിന്‍ നിരയില്‍ ശ്രീചരണി, സ്‌നേഹ് റാണ, രാധ യാദവ് തുടങ്ങി പ്രതിഭകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ കരുത്തുറ്റ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതില്‍ ഗ്രൂപ്പ് മത്സരത്തില്‍ വരുത്തിയ വീഴ്ച സെമിയില്‍ ആവര്‍ത്തിക്കാതെ നോക്കേണ്ട ചുമതല ബോളിങ് നിരയ്ക്കുണ്ട്.

എട്ടാം ലോകകിരീടം മോഹിച്ചെത്തിയ ഓസീസിന് ടൂര്‍ണമെന്റില്‍ ഇതുവരെ കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആധികാരിക ജയങ്ങളുമായാണ് ടീം സെമി വരെ എത്തിയത്. ക്യാപ്റ്റന്‍ അലീസ ഹീലി നയിക്കുന്ന ബാറ്റിങ് നിരയില്‍ എലിസ് പെറി, ഫീബി ലിച്ച്ഫീല്‍ഡ്, ആഷ്ലി ഗാര്‍ഡ്‌നര്‍, അന്നബെല്‍ സതര്‍ലന്‍ഡ് തുടങ്ങി താര പ്രമുഖര്‍ അനേകം. ബോളിങ്ങില്‍ മേഗന്‍ ഷൂട്ട്, താഹ്ലിയ മഗ്രോ, കിം ഗാര്‍ത് പേസ് ത്രയത്തിലാണ് ഓസീസിന്റെ പ്രതീക്ഷ. സോഫി മൊലിനു, അലാന കിങ് എന്നീ സ്പിന്നര്‍മാരും മികച്ച ഫോമിലാണ്.

നവി മുംബൈയില്‍ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മഴമൂലം മത്സരം മുടങ്ങിയാല്‍ സെമിഫൈനലിന് നാളെ റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെയും മത്സരം നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടും.

 പ്ലേയിംഗ് ഇലവന്‍

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, അമന്‍ജോത് കൗര്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ഓസ്‌ട്രേലിയ: ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ ഹീലി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്‌ലീ ഗാര്‍ഡ്‌നര്‍, തഹ്ലിയ മഗ്രാത്ത്, സോഫി മൊളിനെക്‌സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.

Tags:    

Similar News