സെമി ഫൈനൽ കടുക്കും; വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികൾ തോൽവിയറിയാതെ എത്തുന്ന കങ്കാരുപ്പട; ഒന്നാം സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടം

Update: 2025-10-25 17:34 GMT

മുംബൈ: വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ കരുത്തരായ ഓസ്ട്രേലിയ. ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് ഈ നിർണായക മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ റൗണ്ട് റോബിൻ മത്സരങ്ങളിൽ 13 പോയിന്റോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് ആതിഥേയരായ നാലാം സ്ഥാനക്കാർക്ക് ശക്തരായ എതിരാളികളെ ലഭിച്ചത്.

ഇതിനിടെ, ലോകകപ്പ് ലീഗ് റൗണ്ടിൽ തോൽവിയറിയാതെയാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. തങ്ങളുടെ അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 24 ഓവറിൽ വെറും 97 റൺസിന് എല്ലാവരും പുറത്തായി. ഏഴ് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്ത സ്പിന്നർ അലാന കിങ്ങിന്റെ ബൗളിംഗ് ഓസ്ട്രേലിയക്ക് വിജയമൊരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മറുപടി ബാറ്റിംഗിൽ 16.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു.

സെമി ഫൈനലിന്റെ ആദ്യ മത്സരത്തിൽ ഒക്ടോബർ 29ന് ഗുവാഹതിയിൽ വെച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. നവി മുംബൈയിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തോടെയാണ് ലീഗ് റൗണ്ട് പൂർത്തിയാവുന്നത്. നിലവിൽ ആറ് പോയിന്റുള്ള ഇന്ത്യ, ജയിച്ചാലും തോറ്റാലും നാലാം സ്ഥാനത്തുതന്നെയായിരിക്കും. ദക്ഷിണാഫ്രിക്ക (10 പോയിന്റ്) രണ്ടും ഇംഗ്ലണ്ട് (9 പോയിന്റ്) മൂന്നും സ്ഥാനങ്ങളിലാണ്.

Tags:    

Similar News