ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ആശ്വാസ ജയം തേടി ബംഗ്ലാദേശ്; രണ്ടാം മത്സരം ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ

Update: 2024-10-09 08:11 GMT

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് ഡൽഹിയിൽ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ. വൈകീട്ട് ഏഴുമുതലാണ് മത്സരം. ആദ്യ മത്സരത്തിൽ നേടിയ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസത്തിലയവും ഇന്ത്യ ഇന്നിറങ്ങുക. അതെ സമയം ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയാക്കുകയാവും ബംഗ്ലാദേശിന്റെ മുന്നയിലുള്ള വെല്ലുവിളി. ആദ്യമത്സരത്തിൽ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിനായിരുന്നു. രണ്ടു പുതുമുഖതാരങ്ങൾ ഉൾപ്പെടെ, യുവനിരയുമായിറങ്ങിയ ഇന്ത്യ 49 പന്ത് ബാക്കിനിൽക്കെ അനായാസം ജയം നേടാനായി.

അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച നിധീഷ് റെഡ്ഡി, മായങ്ക് യാദവ് തുടങ്ങിയവർക്കെല്ലാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ മുന്നിൽനിന്നു. യുവ നിരയുമായെത്തി ആക്രമിച്ച് കളിക്കുന്ന ഇന്ത്യയെ തകർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അട്ടിമറികൾക്ക് പേരുകേട്ട ടീമാണ് ബംഗ്ളാദേശ്. ഒരിടവേളക്ക് ശേഷം ടീമിലെത്തിയ സഞ്ജുവും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ, ആദ്യമത്സരത്തിലെ ടീമിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ബുധനാഴ്ച ഇറങ്ങുക. ഇന്ത്യയിൽ പര്യടനത്തിനെത്തിയ ബംഗ്ലാദേശിന് ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റു. ട്വന്റി 20 പരമ്പരയിൽ മൂന്നുമത്സരമുണ്ട്. പാകിസ്താനെതിരേ പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യലെത്തിയ ബംഗ്ളാദേശിന് നിരാശയാണുണ്ടായത്. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനായാൽ അവസാന മത്സരത്തിൽ ആതിഥേയരെ സമ്മർദ്ദത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് ബംഗ്ളാദേശ്.

Tags:    

Similar News