സിദ്ര അമീന്റെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല; ഏകദിന ലോക കപ്പില്‍ പാക്ക് പടയെ പരാജയപ്പെടുത്തിയത് 88 റൺസിന്; രണ്ടക്കം കടക്കാനായത് മൂന്ന് ബാറ്റർമാർക്ക്; ക്രാന്തി ഗൗതിനും ദീപ്തി ശർമയ്ക്കും മൂന്ന് വിക്കറ്റ്; വനിതാ ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ ആധിപത്യം തുടർന്ന് ഇന്ത്യ

Update: 2025-10-05 17:31 GMT

കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ 88റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 159 റൺസിന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം നേടിയ ക്രാന്തി ഗൗതും, ദീപ്തി ശർമ്മയും ചേർന്നാണ് പാക്ക് ബാറ്റിംഗ് നിരയെ തകർത്തത്. സ്നേഹ റാണ രണ്ട് വിക്കറ്റുകൾ നേടി. 106 പന്തുകളിൽ നിന്ന് 81 റൺസ് നേടിയ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. നതാലിയ പെർവൈസ്, സിദ്ര നവാസ് എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഹർലീൻ ഡിയോൾ 46 റൺസെടുത്തു ടോപ് സ്കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാൽ, ഫാത്തിമ സന എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പതിഞ്ഞ തുടക്കമായിരുന്നു പാക്കിസ്ഥാൻ. നാലാം ഓവറിൽ തന്നെ ഓപ്പണർ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണർ സദഫ് ഷമാസും (6) മടങ്ങി. ക്രാന്തിയുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകിയാണ് ഷമാസ് പുറത്തായത്. തൊട്ടുപിന്നാലെ ആലിയ റിയാസിന്റെ (2) ഊഴമായിരുന്നു. ഇത്തവണയും ക്രാന്തിയുടെ തന്നെ പന്തിൽ സെക്കൻഡ് സ്ലിപ്പിൽ ദീപ്തിക്ക് ക്യാച്ച് നൽകി പുറത്തായതോടെ പാകിസ്ഥാൻ മൂന്നിന് 26 എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ പെർവൈസ് - സിദ്ര സഖ്യം പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും നിരന്തര ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 

ഇന്ത്യൻ ഇന്നിംഗ്സിൽ, സ്മൃതി മന്ദാന (23) - പ്രതിക റാവൽ (23) സഖ്യം 48 റൺസ് ചേർത്ത് മികച്ച തുടക്കമിട്ടെങ്കിലും ഒമ്പതാം ഓവറിൽ സ്മൃതി ഫാത്തിമ സനയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 15-ാം ഓവറിൽ പ്രതികയും സാദിയ ഇഖ്ബാലിന്റെ പന്തിൽ ബൗൾഡ് ആയി മടങ്ങി. തുടർന്ന് ഹർലീൻ - ഹർമ്മൻപ്രീത് കൗർ (19) സഖ്യം 39 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഹർമ്മൻപ്രീതിന് അധികനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ബെയ്ഗാണ് ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കിയത്.മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

Tags:    

Similar News