വീണ്ടും പ്രോട്ടീസ് കണ്ണീര്‍! അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍; ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്പിന്നര്‍മാര്‍; കരുത്തായി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം; ഫൈനലില്‍ 52 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയവുമായി നിക്കി പ്രസാദും സംഘവും

അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍

Update: 2025-02-02 09:14 GMT

ക്വാലലംപൂര്‍: ലോകകപ്പ് ഫൈനല്‍ വേദിയില്‍ വീണ്ടും പ്രോട്ടീസ് കണ്ണീര്‍. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മയും സംഘവുമാണ് പ്രോട്ടീസ് നിരയെ കരയിപ്പിച്ചതെങ്കില്‍ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നിക്കി പ്രസാദും സംഘവും നല്‍കിയതും അതേ വേദന..... ഫൈനലില്‍ കാലിടറുന്ന പതിവ് തെറ്റിക്കാതെ കയ്ല റെയ്നെകെയും സംഘവും കിരീടപോരാട്ടത്തില്‍ ഇന്ത്യയുടെ മുന്നില്‍വീണു.... കളിയുടെ സര്‍വമേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.

ദക്ഷിണാഫ്രിക്കന്‍ യുവനിരയെ ഒന്‍പത് വിക്കറ്റിന് കീഴടക്കിയാണ് അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തിയത്. ക്വാലാലംപൂര്‍, ബയുമാസ് ഓവലില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റേന്തിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഗൊംഗാദി തൃഷ വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. എന്നാല്‍ ടീം സ്‌കോര്‍ 36-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ജി കമാലിനി 8 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാല്‍ക്കെയും വെടിക്കെട്ട് പുറത്തെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു.തൃഷ 44 റണ്‍സും സനിക 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തൃഷയുടെ ഇന്നിംഗ്സ്. ചാല്‍ക്കെ നാല് ബൗണ്ടറികള്‍ നേടി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എല്ലാവരും പുറത്തായി. ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ദക്ഷണാഫ്രിക്കയുടെ തുടക്കം. പവര്‍ പ്ലേ തീരുന്നിന് മുമ്പ് തന്നെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അപ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയും (16) മടങ്ങി. ഷബ്നത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.

മധ്യനിരയില്‍ ബാറ്റേന്തിയ ക്യാപ്റ്റന്‍ കയ്ല റെയ്നെകെ (7), കരാബോ മെസോ (10) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന് ഏഴ് റണ്‍സെടുക്കാന്‍ 21 പന്തുകള്‍ വേണ്ടി വന്നു. മെസോ 26 പന്തിലാണ് 10 റണ്‍സെടുത്തത്. ഇരുവരും 45 പന്തുകള്‍ കളിച്ചെങ്കിലും 20 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്. കയ്ലയെ പുറത്താക്കി ഗൊങ്കടി തൃഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ മോസെ ആയുഷിയുടെ പന്തില്‍ ബൗള്‍ഡായി. 23 റണ്‍സെടുത്ത മീകെ വാന്‍ വൂസ്റ്റ്, തൃഷയുടെ പന്തില്‍ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സെഷ്നി നായ്ഡു, തൃഷയുടെ തന്നെ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി. ഫയ് കൗളിംഗ് (15), മൊണാലിസ ലെഗോഡി (0) എന്നിവര്‍ വൈഷ്ണവി ശര്‍മയുടെ ഒരോവറില്‍ പുറത്താവുകയും ചെയ്തു. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ,പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

കന്നിക്കിരീടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക നിരാശയോടെ മടങ്ങി. അപരാജിതരുടെ പോരാട്ടം കണ്ട ഫൈനലില്‍ ഇന്ത്യ അത് തുടര്‍ന്ന് രണ്ടാം കിരീടം സ്വന്തമാക്കി. പ്രഥമ ടൂര്‍ണമെന്റില്‍ കിരീടംനേടിയ ഇന്ത്യന്‍സംഘം ആധികാരികമായി തന്നെ കിരീടം നിലനിര്‍ത്തി. ടൂര്‍ണമെന്റിലുടനീളം മിന്നും ഫോം കാഴ്ചവെച്ച മലയാളി താരവും പേസ് ബൗളറുമായ വി.ജെ. ജോഷിത കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ വിന്‍ഡീസിനെതിരേ അഞ്ചുറണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.

Tags:    

Similar News