ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ; പേസർ ജസ്‌പ്രീത് ബുംറയ്ക്ക് വിശ്രമം; അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്താൻ സാധ്യത; സഞ്ജുവിന് ടോപ് ഓർഡറിൽ അവസരം ?

Update: 2025-09-19 11:27 GMT

അബുദാബി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒമാനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയ സൂര്യകുമാർ യാദവും സംഘവും ഈ മത്സരത്തിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള പോരാട്ടം. ഒമാനെതിരെ ഇന്ത്യ ടീമില്‍ നിരവധി പരീക്ഷണങ്ങൾക്ക് മുതിര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് ഓപ്പണറായി അവസാനം ലഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മത്സരത്തിൽ പേസർ ജസ്‌പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗിന് ടീമിൽ അവസരം ലഭിച്ചേക്കും. യുഎഇ, പാകിസ്താൻ ടീമുകൾക്കെതിരെ ഇന്ത്യൻ സ്പിൻ ത്രയമായ കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഏഴ് വിക്കറ്റുകളുമായി കുൽദീപ് യാദവ് ബൗളർമാരിൽ മുന്നിലാണ്. പാകിസ്താനെതിരെ അക്‌സർ പട്ടേലും തകർപ്പൻ പ്രകടനം നടത്തി. ട്വന്റി-20 റാങ്കിംഗിൽ ഒന്നാമതുള്ള വരുൺ ചക്രവർത്തിയും മികച്ച ഫോമിലാണ്. പേസ് വിഭാഗത്തിൽ ബുംറയുടെ ഫോം മെച്ചപ്പെടേണ്ടതുണ്ട്. ഹാർദ്ദിക് പാണ്ഡ്യയുടെ ബൗളിംഗ് ശരാശരിയിലാണ്. ഇന്ത്യൻ ബാറ്റിംഗ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും, വൺഡൗൺ ബാറ്ററും നായകനുമായ സൂര്യകുമാർ യാദവും ഫോമിലാണ്.

രണ്ട് കളികളിലും തോറ്റ ഒമാൻ പ്രതീക്ഷ വെക്കുന്നത് ബൗളിംഗ് നിരയിലാണ്. പാകിസ്താൻ, യുഎഇ ടീമുകൾക്കെതിരെ ബൗളർമാർ മോശമല്ലാതെ പന്തെറിഞ്ഞു. പാകിസ്താനെതിരെ ഫൈസൽ ഷായും അമീർ കലീമും മൂന്നുവീതം വിക്കറ്റെടുത്തിരുന്നു. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ ജതീന്ദർ സിംഗ്, ഹമ്മദ് മിർസ, ആര്യൻ ബിസ്ത് എന്നിവരിലാണ് ബാറ്റിംഗിൽ ടീം പ്രതീക്ഷ വെക്കുന്നത്. അബുദാബിയിലെ പിച്ചിൽ സ്പിന്നിന് അനുകൂല്യമുണ്ടാകും. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

ഇന്ത്യ സാധ്യത ടീം: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, സഞ്ജു സാംസൺ (wk), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ/അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി

ഒമാൻ സാധ്യത ടീം: ജതീന്ദർ സിംഗ് (c), ആമിർ കലീം, ഹമ്മദ് മിർസ, വസീം അലി, ഷാ ഫൈസൽ, ആര്യൻ ബിഷ്ത്, വിനായക് ശുക്ല (wk ), ജിതൻ രാമാനന്ദി, ഹസ്നൈൻ ഷാ, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ.

Tags:    

Similar News