ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് മത്സരം; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഇരു ടീമുകളുടെയും ആവേശ പോരാട്ടം ലെജന്‍ഡ്സ് ചാമ്പ്യഷിപ്പിൽ; ഇന്ത്യന്‍ സേനയെ വിമർശിച്ച വിവാദ താരം ഷാഹിദ് അഫ്രീദിയും പാക് ടീമിൽ; ഇന്ത്യയെ നയിക്കുന്നത് യുവരാജ് സിംഗ്; മത്സരം ലണ്ടനിൽ

Update: 2025-07-04 11:26 GMT

ലണ്ടന്‍: ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. രണ്ടാമത് ലെജന്‍ഡ്സ് ലോക ചാമ്പ്യഷിപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍വരുന്നത്. ഈ മാസം 20ന് ലണ്ടനിലാവും മത്സരം നടക്കുക. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം കൂടിയാണ് മത്സരം. ബര്‍മിംഗ്ഹാമിലും നോര്‍ത്താംപ്ടണിലും ഗ്രേസ് റോഡിലും ഹെഡിങ്‌ലിയിലുമായാണ് ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നിവയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. ലെജന്‍ഡ്സ് ലോക ചാമ്പ്യഷിപ്പ് ടൂര്‍ണമെന്‍റിലെ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. 20ന് പാകിസ്ഥാനെയും 22ന് ദക്ഷിണാഫ്രിക്കയെയും നേരിടുന്ന ഇന്ത്യ 26ന് ഓസ്ട്രേലിയയെയും 27ന് ഇംഗ്ലണ്ടിനെയും 29ന് വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ മത്സരമായതിനാൽ ആരാധകർ വലിയ ആവേശത്തിലാണ്.

ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍ ടീമില്‍ അണിനിരക്കുന്നുണ്ട്. യുവ്‌രാജ് സിങ്ങാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും. പാക് ടീമിനെ നയിക്കുന്നത് യൂനിസ് ഖാനാണ്. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. ആദ്യ നാലു ടീമുകലാൻ സെമിയിലേക്ക് കടക്കുക. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരാമർശം നടത്തിയ ഷാഹിദ് അഫ്രിദിയും പാക് സംഘത്തിലുണ്ട്. ഷാഹിദ് അഫ്രീദി പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.  

Tags:    

Similar News