ഇന്ത്യ ഏഷ്യാകപ്പില്‍ ജേതാക്കളായാല്‍ ട്രോഫി സമ്മാനിക്കേണ്ടത് പാക്കിസ്ഥാന്‍ മന്ത്രി; മൊഹ്‌സിന്‍ നഖ്‌വിയെ ബഹിഷ്‌കരിക്കുമെന്ന് ടീം ഇന്ത്യ

ഇന്ത്യ ഏഷ്യാകപ്പില്‍ ജേതാക്കളായാല്‍ ട്രോഫി സമ്മാനിക്കേണ്ടത് പാക്കിസ്ഥാന്‍ മന്ത്രി

Update: 2025-09-16 06:44 GMT

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യ- പാക്ക് മല്‍സരത്തില്‍ പുകഞ്ഞ ഹസ്തദാന വിവാദം പുതിയ തലത്തിലേക്ക്. ഏഷ്യാകപ്പില്‍ ഫൈനലിലെത്തിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയെ ടീം ഇന്ത്യ ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമാണ് നഖ്‌വി. ഏഷ്യാകപ്പ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കേണ്ടത് നഖ്‌വി ആയിരിക്കുമെന്നാണ് സൂചകള്‍.

ഫൈനലിലെത്തിയാല്‍ നഖ്‌വിയുമായി ടീം ഇന്ത്യ വേദി പങ്കിടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാത്ത ഇന്ത്യയുടെ നിലപാടിന്റെ തുടര്‍ച്ചയാണിത്. ഇപ്പോഴത്തെ നിലപാടില്‍ ഇന്ത്യക്ക് മറിച്ചൊരു കാര്യം സാധിക്കില്ല. സെപ്റ്റംബര്‍ 28 നാണ് ഏഷ്യാകപ്പ് ഫൈനല്‍. ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യുഎഇക്കെതിരായ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യപാക്ക് മല്‍സരം ഉണ്ടാകും. ഇവിടെയും പാക്കിസ്ഥാനെ അവഗണിക്കുന്നതാകും ഇന്ത്യയുടെ നിലപാട്.

മല്‍സരത്തില്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതിരുന്ന ഇന്ത്യന്‍ നിലപാട് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനും പരാതിക്കും പിന്നാലെ ബഹിഷ്‌കരണ ആഹ്വാനമാണ് അവസാനത്തേക്ക്. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്രോഫ്റ്റിനെ റഫറി പാനലില്‍ നിന്നും പുറത്താക്കണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ഏഷ്യാകപ്പ് ബഹിഷ്‌കരിക്കും എന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടോസിന് ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യേണ്ടെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദ്ദേശിച്ചു എന്നാണ് പാക്കിസ്ഥാന്‍ ആരോപണം. മാച്ച് റഫറി അധികാരം ദുരുപയോഗം ചെയ്തുവെന്നും ഒരു ടീമിന് അനുകൂലമായി നിലപാടെടുത്തുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു. അതിനാല്‍ ആന്‍ഡി പൈക്രോഫ്റ്റിനെ റഫറിമാരുടെ പാനലില്‍ നിന്നും പുറത്താക്കണമെന്നുമാണ് പാക്കിസ്ഥാന്റെ ആവശ്യം.

Tags:    

Similar News