പഹല്‍ഗാം ഭീകരാക്രമണം; കായിക രംഗത്തും കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍; ഇന്ത്യയില്‍ വന്ന് പാക്കിസ്ഥാന്‍ കപ്പ് കളിക്കുമോ? ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്നും ടൂര്‍ണമെന്റ് നീട്ടിവെച്ചേക്കുമെന്നും റിപ്പോര്‍ട്ട്

Update: 2025-05-03 10:04 GMT

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള ഇറക്കുമതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉഭയകക്ഷി ബന്ധങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം ഇപ്പോള്‍ ഇതാ കായിക രംഗത്തും ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചേക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

ഈ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇക്കുറി ഇന്ത്യയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്ട്ട് പ്രകാരം, ഇന്ത്യ പാക്കിസ്ഥാനുമായി നേരിട്ട് മത്സരത്തിനിറങ്ങാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷമാണ് ഏഷ്യാ കപ്പ്. എന്നാല്‍ ബംഗ്ലാദേശ് പരമ്പരയടക്കം ഇന്ത്യ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റും ഹൈബ്രിഡ് മോഡലിലാകും ഈ വര്‍ഷം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കില്ല. അതുകൊണ്ട് തന്നെ മത്സരം യുഎഇയിലോ ശ്രീലങ്കയിലോ ആയിരിക്കും നടത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും കൃത്യമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.

അടുത്തിടെ പാക്കിസ്ഥാനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാക്കിസ്ഥാനിലേയ്ക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.

Tags:    

Similar News