വിജയക്കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചുവരവിനായി പ്രോട്ടീസ്; രണ്ടാം ടി20 ഇന്ന് മുല്ലന്‍പൂരിൽ; ഫോമിലേക്കെത്താൻ ഗില്ലും, സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; സാധ്യതാ ടീം അറിയാം
ചണ്ഡീഗഡ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ചണ്ഡീഗഡിലെ മുല്ലന്‍പൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും. പുരുഷ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന സ്റ്റേഡിയമാണ് മുള്ളൻപൂരിലേത്. അതേസമയം, ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ ശ്രമം. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ വൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ (59*) തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടർന്ന് ബുംറ, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങിയ ബൗളിംഗ് നിര പ്രോട്ടീസിനെ 74 റൺസിന് ഓൾ ഔട്ടാക്കി തകർപ്പൻ ജയം നേടി. എന്നാൽ, നായകൻ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം ഇന്ത്യൻ ക്യാമ്പിന് തലവേദനയാണ്. കഴിഞ്ഞ 20-ൽ അധികം ടി20 ഇന്നിങ്സുകളിൽ സൂര്യകുമാർ യാദവിന് ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല. ആദ്യ മത്സരത്തിൽ ഗിൽ 4 റൺസിനും സൂര്യകുമാർ 12 റൺസിനും പുറത്തായിരുന്നു.
മുൻനിര ബാറ്റർമാർ പരാജയപ്പെട്ടിട്ടും മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇന്നും അവസരം ലഭിക്കാൻ സാധ്യതയില്ല. ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജുവിനെ തഴഞ്ഞാണ് ഗില്ലിന് തുടർച്ചയായി അവസരം നൽകുന്നതെന്ന വിമർശനം ആരാധകർക്കിടയിൽ ശക്തമാണ്. ആദ്യ മത്സരത്തിലെ വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത.
ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്ന എയ്ഡൻ മാർക്രമിന്റെ കീഴിൽ കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവി മറന്ന് ശക്തമായ തിരിച്ചുവരവ് നടത്താനാണ് പ്രോട്ടീസിന്റെ ശ്രമം. പരിക്കിന് ശേഷം പേസർ ആൻറിച്ച് നോർഖ്യെ ടീമിലേക്ക് തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം നൽകും. ബാറ്റര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ഒരുപോലെ അനുകൂലമായ പിച്ചാണ് മുല്ലന്‍പൂരില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
സാധ്യതാ ടീം (ഇന്ത്യ): അഭിഷേക് ശർമ, ശുഭ്‌മന്‍ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അക്‌സര്‍ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
