ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം; സീനിയർ ടീമിൽ നിന്നും ഫിറ്റ്‌നെസ്സിന്‍റെ പേരില്‍ തഴഞ്ഞു; രണ്ട് മാസം കൊണ്ട് കുറച്ചത് 17 കിലോ; ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍

Update: 2025-07-21 13:05 GMT

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കളിക്കാരിൽ ഒരാളാണ് സർഫറാസ് ഖാൻ. എന്നാൽ ഫിറ്റ്നസിന്റെ പേരിൽ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരത്തിന് ഐപിഎല്ലിൽ പോലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയി. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സര്‍ഫറാസ് രണ്ട് മാസം കൊണ്ട് 17 കിലോ ശരീരഭാരം കുറച്ചാണ് ആരാധകരെ ഞെട്ടിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എ ടീമിനായി അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയെങ്കിലും സര്‍ഫറാസിന് ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇതിൽ നിരവധി മുൻ താരങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ഇടം നേടാതായതോടെ സർഫറാസിന് പിന്തുണയുമായി ഹർഭജൻ സിംഗ് രംഗത്തെത്തിയിരുന്നു.

'വളരെ നിർഭാഗ്യകരമാണ്. ടീമിൽ സർഫറാസിന്റെ പേര് കാണാത്തതിൽ ഞെട്ടിപ്പോയി. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. തിരിച്ചുവരവിനായി അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ട്. എനിക്ക് പറയാനുള്ളത്, നിരാശപ്പെടരുത്, നിങ്ങൾക്ക് അർഹമായത് ലഭിക്കും, ഇന്നല്ലെങ്കിൽ നാളെ. കരുൺ നായരെ നോക്കൂ. ഇംഗ്ലണ്ടിനെതിരെ 300 റൺസ് നേടിയ ശേഷം കരുണിന് അധികം അവസരങ്ങൾ ലഭിച്ചില്ല. ഇപ്പോൾ കാരുണിന് അവസരം ലഭിച്ചു എന്നാണ് ഹർഭജൻ പറഞ്ഞത്.

ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതായതോടെയാണ് സര്‍ഫറാസ് കഠിനമായ ഫിറ്റ്നെസ് ട്രെയിനിംഗിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശരീരഭാരം കുറച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് താരത്തിന്‍റെ ഫിറ്റ്നെസ് ഇല്ലായ്മയും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Tags:    

Similar News