ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്; മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ ഇഷാന്‍ കിഷന്‍; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ; ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളി
മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പകള്‍ക്കുള്ള ടീമിനെയും നാളെ പ്രഖ്യാപിച്ചേക്കും.
ജനുവരി 11നാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി20 പരമ്പരയിലും കളിക്കുക. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ല.
അതേ സമയം ഓപ്പണര്‍ സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ആരെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല. ഓപ്പണര്‍ സ്ഥാനത്ത് ഒട്ടേറെ അവസരം ലഭിച്ചിട്ടും നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും മലയാളി താരം സഞ്ജു സാംസണിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാരന്‍ ഇഷാന്‍ കിഷനും രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരാണെന്നതിനാല്‍ ആരെയാകും ലോകകപ്പ് ടീമിലെടുക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഗില്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ പരിഗണിച്ചാല്‍ ഓപ്പണിംഗില്‍ ഇടംകൈ വലംകൈ കോംബിനേഷന്‍ നഷ്ടമാകും.
ഇവര്‍ക്കൊപ്പം ഇപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിലുണ്ട്. സഞ്ജുവും ഇഷാനും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവരാണ്. ജിതേഷ് ആകട്ടെ മധ്യനിരയിലും. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാകും താരത്തിനു നഷ്ടമാകുക.
മോശം ഫോിലാണെങ്കിലും ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തന്നെയാകും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ഇതുവരെ ഒരു ടീമും ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തിയിട്ടില്ലാത്തതിനാല്‍ വലിയ വെല്ലുവിളിയാണ് സൂര്യക്ക് മുന്നിലുള്ളത്. അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലും ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്.
വിക്കറ്റ് കീപ്പര്‍മാരായി ആരെത്തുമെന്നതും മൂന്നാം പേസറായി ആരെ കളിപ്പിക്കുമെന്നതുമാണ് സെലക്ടര്‍മാരെ കുഴക്കുന്ന ചോദ്യം. 2024ല്‍ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ട്വന്റി20 ലോകകപ്പ് ഇതുവരെ ഒരു ടീമും നിലനിര്‍ത്തിയിട്ടില്ലെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആ ചരിത്രം തിരുത്തിക്കുറിക്കുകയാകും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഫെബ്രുവരി 7ന്, യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഇന്ത്യ -പാക്കിസ്ഥാന്‍ മത്സരം 15ന് കൊളംബോയിലാണ്.
റണ്‍വേട്ടക്കാര്‍ കാത്തിരിക്കുന്നു....
മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഹരിയാനയെ തകര്‍ത്ത് ജാര്‍ഖണ്ഡ് കിരീടം നേടിയപ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനായിരുന്നു. ജാര്‍ഖണ്ഡിനായി ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറി അടക്കം 10 മത്സരങ്ങളില്‍ 517 റണ്‍സടിച്ചാണ് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 197.32 സ്‌ട്രൈക്ക് റേറ്റിലും 57.44 ശരാശരിയിലുമാണ് ഇഷാന്‍ റണ്ണടിച്ചു കൂട്ടിയത്. 33 സിക്‌സുകളും 51 ബൗണ്ടറികളും ഇഷാന്‍ നേടി.
ഫൈനലിലെത്തിയ ഹരിയാനയുടെ അങ്കിത് കുമാര്‍ ആണ് 448 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഫൈനലില്‍ ഇഷാന്‍ കിഷനൊപ്പം തകര്‍ത്തടിച്ച കുമാര്‍ കുഷാഗ്ര 422 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയപ്പോള്‍ 398 റണ്‍സെടുത്ത ഹരിയാനയുടെ യഷ്വര്‍ധന്‍ ദലാല്‍ ആണ് നാലാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും മുംബൈയുടെ സീനിയര്‍ താരവുമായ അജിങ്ക്യാ രഹാനെ 391 റണ്‍സും 161.57 സ്‌ട്രൈക്ക് റേറ്റും 48.47 ശരാശരിയുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്തി ഞെട്ടിച്ചു. മൂന്ന് അര്‍ധസെഞ്ചുറികളാണ് രഹാനെ നേടിയത്.
ജാര്‍ഖണ്ഡിന്റെ ഓപ്പണറായ വിരാട് സിംഗ്(382), പഞ്ചാബിന്റെ സലീല്‍ അറോറ(358), ഉത്തരാഖണ്ഡിന്റെ കുനാല്‍ ചണ്ഡേല(350), പഞ്ചാബിന്റെ അന്‍മോല്‍പ്രീത് സിംഗ്(349), മധ്യപ്രദശിന്റെ ഹര്‍പ്രീത് സിംഗ്(334) എന്നിവരാണ് ടോപ് 10ല്‍ ഇടം നേടിയത്. മുംബൈ താരങ്ങളായ സര്‍ഫറാസ് ഖാന്‍(329), ആയുഷ് മാത്രെ(325), കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍(309) എന്നിവരും ടോപ് 15ല്‍ ഇടം നേടി.
ഏഴ് കളികളില്‍ 247 റണ്‍സടിച്ച രോഹന്‍ കുന്നുമ്മല്‍ ആണ് മലയാളി താരങ്ങളില്‍ മുന്നിലെത്തിയത്. റണ്‍വേട്ടക്കാരില്‍ 32-ാം സ്ഥാനത്താണ് രോഹന്‍. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു സാംസണ്‍ ആറ് മത്സരങ്ങളില്‍ 233 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ 42-ാം സ്ഥാനത്താണ്.
നിരാശ തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
മികവ് കാട്ടിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് പലവട്ടം ഒഴിവാക്കിയപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്ന് ഇഷാന്‍ കിഷന്‍ കിരീടനേട്ടത്തിന് ശേഷം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ പലപ്പോഴും വിഷമം തോന്നിയിരുന്നു, പക്ഷെ എനിക്ക് ഇപ്പോള്‍ അത്തരം പ്രതീക്ഷകളൊന്നുമില്ല, ഏത് ടീമിനായി കളിച്ചാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും മുഷ്താഖ് അലി ട്രോഫി കിരീടനേട്ടത്തിനുശേഷം ഇഷാന്‍ കിഷന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും എന്റെ പേരുണ്ടോ എന്ന് നോക്കാറുണ്ട്. ഇല്ലെന്ന് അറിയുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ ഒന്നും തോന്നാറില്ല. കാരണം, ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. മികച്ച പ്രകടനം നടത്തുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം നേടിയത് ഇതുവരെയുള്ള കരിയറിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണെന്നും കിഷന്‍ പറഞ്ഞു. തന്റെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ആഭ്യന്തര കിരീടം നേടിയിട്ടില്ല.ഇതായിരുന്നു എന്റെ കഴിവ് തെളിയിക്കാനുള്ള അവസരം. പലപ്പോഴും നമ്മുടെ കഴിവില്‍ സംശയിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും വിജയങ്ങള്‍ അതെല്ലാം മായ്ച്ചു കളയുമെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.
എന്നെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കാതിരുന്നപ്പോള്‍ ശരിക്കും നിരാശതോന്നി. കാരണം, ഞാന്‍ മികച്ച പ്രകടനം നടത്തുമ്പോഴായിരുന്നു ഒഴിവാക്കിയത്. പക്ഷെ പിന്നീട് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും എന്നെ ടീമിലെടുക്കുന്നില്ലെങ്കില്‍ ഞാന്‍ ഇതിലും മികച്ച പ്രകടനം നടത്തേണ്ടിവരും. ടീമെന്ന നിലയില്‍ കിരീടങ്ങള്‍ നേടുകയും ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യേണ്ടിവരും. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അസ്വസ്ഥനായെങ്കിലും അസ്വസ്ഥത നമ്മെ ഭരിക്കാന്‍ അനുവദിക്കരുത്. യുവതാരങ്ങളോടും എനിക്ക് അതാണ് പറയാനുള്ളത്. കാരണം അസ്വസ്ഥനായിരുന്നാല്‍ അത് നിങ്ങളെ പിന്നെയെും പിടിച്ച് താഴ്ത്തുകയെ ഉള്ളു. അതേസമയം കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയും.
