ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ ജയം 179 മത്സരങ്ങളില്‍; 178 മത്സരങ്ങളില്‍ തോറ്റു; 92 വര്‍ഷത്തെ ചരിത്രത്തിനിടെ തോല്‍വികളെ പിന്നിലാക്കി ഇന്ത്യ; സെഞ്ചുറിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ കുതിപ്പുമായി അശ്വിന്‍

ടെസ്റ്റ് വിജയങ്ങളില്‍ തോല്‍വികളെ പിന്നിലാക്കി ഇന്ത്യ

Update: 2024-09-22 09:42 GMT

ചെന്നൈ: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ പകിട്ടുമായെത്തിയ ബംഗ്ലാദേശിനെതിരെ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയത്. ആദ്യ ടെസ്റ്റിലെ ജയത്തോടെ അപൂര്‍വമായ നേട്ടത്തിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ടെസ്റ്റ് വിജയങ്ങളില്‍ തോല്‍വികളെ പിന്നിലാക്കി ജയത്തിന്റെ കണക്കിലും ഇന്ത്യ മുന്നിലെത്തി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ 179 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 178 മത്സരങ്ങളില്‍ തോറ്റു. 222 മത്സരങ്ങള്‍ സമനിലയിലായി. ഒരു മത്സരം ടൈ ആയി. ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് തോല്‍വികളെ മറികടന്ന് മുന്നേറുന്നത്.

ആധികാരിക ജയമാണ് ഇന്ത്യ ചെന്നൈയില്‍ നേടിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത് തിരിച്ചുവരവ് ഗംഭീരമാക്കി. ഒപ്പം ഒന്നാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം രണ്ടാം ഇന്നിംഗ്‌സിലെ മിന്നും സെഞ്ചുറിയിലൂടെ ശുഭ്മാന്‍ ഗില്‍ മറികടന്നു. ഓസ്‌ട്രേലിയന്‍ പര്യടനവും ന്യൂസിലന്‍ഡിന് എതിരായ പരമ്പരയും ഒക്കെ മുന്നിലുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ് ഒന്നാം ടെസ്റ്റ് നല്‍കുന്നത്. മുന്‍നിര ബാറ്റര്‍മാര്‍ പതറുമ്പോഴും മധ്യനിരയും വാലറ്റവും ഇന്ത്യയുടെ രക്ഷകരായി മാറുന്നു.

പാകിസ്ഥാനെ കീഴടക്കിയതിന്റെ വമ്പുമായി വന്ന ബംഗ്ലാദേശിന് ആദ്യ ദിനത്തില്‍ ടോസിന്റെ ആനുകൂല്യം മുതലാക്കാനായത് ഒഴിച്ചാല്‍ പിന്നീട് മൂന്ന് ദിവസവും ഇന്ത്യ ടെസ്റ്റില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. ഒന്നാം ഇന്നിങ്സില്‍ 34 റണ്‍സിനിടെ ഇന്ത്യയുടെ മൂന്നുപേരെ മടക്കി ഭീഷണി മുഴക്കിയ ബംഗ്ലാദേശിന് പിന്നീട് ഒരിക്കലും തിരിച്ചുവരവ് സാധ്യമായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, യുവ താരം ശുഭ്മാന്‍ ഗില്‍ എന്നിവരെ ഒന്നാം ഇന്നിംഗ്‌സില്‍ പെട്ടെന്ന് പുറത്താക്കി 144-ല്‍ ആറ് എന്ന നിലയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. പക്ഷേ, എട്ടാമനായി വന്ന രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജയുമായി ചേര്‍ന്നു നടത്തിയ അതിജീവനം ഇന്ത്യയെ ജീവസ്സുറ്റ നിലയിലെത്തിച്ചു. അതോടെ, പഞ്ഞിക്കിടാന്‍ പാകിസ്താനല്ല ഇന്ത്യ എന്ന് ബംഗ്ലാദേശിന് ഏറക്കുറെ മനസ്സിലായി.

നാട്ടുകാരുടെ മുന്‍പില്‍ സെഞ്ചുറി നേടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു അശ്വിന്‍. അശ്വിന് കിട്ടിയ ഹോം സപ്പോര്‍ട്ട്, ഇന്ത്യക്ക് മൊത്തത്തില്‍ അനുഗുണമായി. ഗാലറിയിലെ ഓരോ ആര്‍പ്പുവിളിയും അശ്വിനെ ബലപ്പെടുത്തി എന്നുവേണം പറയാന്‍. അല്ലെങ്കില്‍ എട്ടാമനായി ക്രീസില്‍ വന്ന ഒരാള്‍ക്ക് എങ്ങനെയാണ് അത്ര അനായാസം സെഞ്ചുറി നേടാനാവുക? 133 പന്തില്‍ 113 റണ്‍സാണ് അശ്വിന്‍ നേടിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ വേഗമേറിയ സെഞ്ചുറി. ചെപ്പോക്കില്‍ അവസാനം കളിച്ച ടെസ്റ്റിലും അശ്വിന്‍ സെഞ്ചുറി കുറിച്ചിരുന്നു

അശ്വിന്റെ സെഞ്ചുറിയോടൊപ്പംതന്നെ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സും എടുത്തുപറയണം. ജഡേജ മറുപുറത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ചതിന്റെകൂടി ഫലമാണ് അശ്വിന്റെ സെഞ്ചുറി. ജഡേജ അവിടെ നിലയുറപ്പിച്ചില്ലായിരുന്നെങ്കില്‍ അശ്വിന്റെ സെഞ്ചുറിയും, ഒരുപക്ഷേ, ഈ ടെസ്റ്റിലെ വിജയംപോലും സംഭവിക്കുമോ എന്നതില്‍ സംശയിക്കണം. ടീം സ്‌കോര്‍ 343-ല്‍ ജഡേജ പോയതില്‍പ്പിന്നെ 33 റണ്‍സ് കൂടി മാത്രമാണ് ഇന്ത്യക്ക് പത്തുവിക്കറ്റിനിടെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. അതുകൊണ്ട് ജഡേജയുടെ നിലയുറപ്പിക്കല്‍ക്കൂടി അശ്വിന്റെ സെഞ്ചുറിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയാം. 124 പന്തില്‍ 86 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. പത്ത് ഫോറും രണ്ട് സിക്സുമുണ്ട്. അശ്വിന്റെ ഇന്നിങ്സില്‍ രണ്ട് സിക്സും 11 ഫോറുമാണുള്ളത്.

അതിനിടെ ആദ്യ ഇന്നിങ്സിലെ ബംഗ്ലാദേശിന്റെ ബൗളിങ് മികവിനെ മറന്നുകൂടാ. പന്തുകൊണ്ട് കടുവയുടെ ശൗര്യം കാണിച്ച് ഹസന്‍ മഹ്‌മൂദ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ആദ്യ നാല് വിക്കറ്റും നേടിയത് ഈ ഇരുപത്തിനാലുകാരന്‍ പയ്യനാണ്. നേരത്തേ പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് നേട്ടം നടത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ താരം ഇവിടെയും അതേ കൊയ്ത്ത് തുടരാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ഇന്ത്യയുടെ അതിജീവനകഥ പിറന്നതോടെ ഹസന്റെ കഥയുടെ പ്രസക്തി പോയി.

227 റണ്‍സിന്റെ ലീഡ്

ഒന്നാം ഇന്നിംഗ്‌സില്‍ 376 റണ്‍സാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്. തുടര്‍ന്ന് ബൗളിങ്ങില്‍ ബുംറയാണ് ഇന്ത്യയുടെ രക്ഷാ ചുമതല ഏറ്റെടുത്തത്. 11 ഓവറില്‍ 50 റണ്‍സ് വഴങ്ങി കടുവകളില്‍ നാലുപേരെ അശ്വിന്‍ തുരത്തിയോടിച്ചു. രണ്ടുപേരെ വീതം മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും ഒതുക്കി. ഇതോടെ 149-ല്‍ ഒതുങ്ങി ബംഗ്ലാദേശിന്റെ ടോട്ടല്‍. ഇതോടെ ഇന്ത്യക്ക് 227 റണ്‍സിന്റെ ലീഡ്.

ജയമുറപ്പിച്ച ഗില്ലും പന്തും

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് കാര്യമായി പേടിക്കേണ്ട സാഹചര്യമില്ലായിരുന്നു. 227 റണ്‍സിന്റെ ലീഡ് അവിടെക്കിടക്കുന്നുണ്ടല്ലോ. അതിലേക്കുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ഇന്ത്യ വീണ്ടുമിറങ്ങി. രോഹിത്തും കോലിയും വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സില്‍ അര്‍ധശതകം കുറിച്ച ജയ്സ്വാളും ഇത്തവണ മങ്ങി. പിന്നെ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും ഊഴമായിരുന്നു. മറുപുറത്ത് ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ സെഞ്ചുറി തികച്ച സമയമായിരുന്നു അത്. ഇവിടെ പന്തും സെഞ്ചുറി കുറിച്ച് ടീമിലെ സ്ഥിരസ്ഥാനം കനപ്പിച്ചു. 176 പന്തില്‍ 119 റണ്‍സുമായി ഗില്ലും 128 പന്തില്‍ 109 റണ്‍സുമായി പന്തും നിറഞ്ഞാടിയതോടെ ഇന്ത്യ ശക്തമായ നിലയിലായി. 287 റണ്‍സിന് നാല് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു. ബംഗ്ലാദേശിന് 515 റണ്‍സായി വിജയലക്ഷ്യം.

കറക്കിവീഴ്ത്തി അശ്വിനും ജഡേജയും

ഓള്‍റൗണ്ടര്‍മാര്‍ അതിന്റേതായ മികവ് പുലര്‍ത്തണമല്ലോ. ഇത്തവണ ബാറ്റിങ്ങിന് അവസരം കിട്ടാത്ത അശ്വിനും ജഡേജയും അതിന്റെ കലിപ്പ് തീര്‍ത്തത് ബൗളിങ്ങില്‍. അതാവട്ടെ, അവരിലെ ഓള്‍റൗണ്ടിങ്ങിലെ മികവ് ഒരിക്കല്‍ക്കൂടി വാര്‍ത്തെടുക്കാന്‍ ഉതകുന്നതായി. 515 എന്ന ചെങ്കുത്തായ മലയിലേക്ക് നടന്നുകയറാന്‍ ശ്രമിച്ച ബംഗ്ലാദേശിനെ അശ്വിന്‍ അടപടലം പൂട്ടി. നേരത്തേ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ്ങിലെന്ന പോലെ ഇവിടെയും ജഡേജ താങ്ങായി നിലകൊണ്ടു. അശ്വിന്‍ ആറു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ നേടിയത് മൂന്നുവിക്കറ്റ്. ഒന്നാം ഇന്നിങ്സിലെ രണ്ടുവിക്കറ്റ് കൂടി ചേര്‍ത്താല്‍ ജഡേജയ്ക്ക് ടെസ്റ്റിലാകെ അഞ്ചുവിക്കറ്റ്. അശ്വിന് ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് ലഭിച്ചിരുന്നില്ല. ക്രിക്കറ്റിലെ അതികായന്മാരായ ഈ ഓള്‍റൗണ്ടിങ് ദ്വയങ്ങളുടെ ചിറകിലേറിയാണ് ഇന്ത്യ മത്സരം വരുതിയിലാക്കിയത് എന്നുപറയുന്നതാവും ശരി. രണ്ടാം ഇന്നിങ്സിലെ ഒരു വിക്കറ്റടക്കം ബുംറയ്ക്കും ടെസ്റ്റിലാകെ അഞ്ച് വിക്കറ്റുണ്ട്.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. 99 വിക്കറ്റുകളാണ് നാലാം ഇന്നിംഗ്‌സില്‍ മാത്രം അശ്വിന്‍ വീഴ്ത്തിയത്. 94 വിക്കറ്റെടുത്തിരുന്ന അനില്‍ കുബ്ലെയാണ് അശ്വിന്‍ ഇന്ന് മറികടന്നത്. ബിഷന്‍ സിംഗ് ബേദി(60), ഇഷാന്ത് ശര്‍മ/ രവീന്ദ്ര ജഡേജ(54) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്.

ഇന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 522 വിക്കറ്റുകളുമായാണ് അശ്വിന്‍ എട്ടാമത് എത്തിയത്. 530 വിക്കറ്റുകള്ള ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ ആണ് അശ്വിന് തൊട്ടു മുന്നിലുള്ളത്. ഗ്ലെന്‍ മക്ഗ്രാത്ത്(563), സ്റ്റുവര്‍ട്ട് ബ്രോഡ്(604), അനില്‍ കുംബ്ലെ(619), ജെയിംസ് ആന്‍ഡേഴ്‌സണ്‍(704), ഷെയ്ന്‍ വോണ്‍(708), മുത്തയ്യ മുരളീധരന്‍(800) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളവര്‍.

Tags:    

Similar News