സിക്‌സറോടെ തുടങ്ങിയിട്ടും ഷോര്‍ട്ട്പിച്ച് കെണിയില്‍ കുരുങ്ങി സഞ്ജു; അതിവേഗ സെഞ്ചുറിയില്‍ 'രണ്ടാമനായി' അഭിഷേക് ശര്‍മ; പവര്‍പ്ലേയിലെ വെടിക്കെട്ട് ഏറ്റെടുത്ത് ദുബെയും തിലകും; വാംഖഡെയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്
വാംഖഡെയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്
മുംബൈ: അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറി കുതിപ്പില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യന്‍ ടീം. തകര്‍ത്തുകളിച്ച അഭിഷേക് ശര്‍മ 17 ബോളില്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. 37 ാം പന്തില്‍ നൂറും തികച്ചു. 15 പന്തില്‍ 24 റണ്‍സ് എടുത്ത തിലക് വര്‍മയും 13 പന്തില്‍ 30 റണ്‍സ് എടുത്ത ശിവം ദുബെയും ബാറ്റിംഗ് വെടിക്കെട്ടിന് ആവേശം പകര്‍ന്നു. മൂന്നുപന്തില്‍ രണ്ടു റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും ആറ് പന്തില്‍ ഒന്‍പത് റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും നിരാശപ്പെടുത്തി.
അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത മലയാളി താരം സഞ്ജു സാംസണ്‍ ഗംഭീര തുടക്കത്തിന് ശേഷം പതിവ് പോലെ ഷോര്‍ട്ട്പിച്ച് കെണിയില്‍ വുഡിന് വിക്കറ്റ് സമ്മാനിച്ചു. ആദ്യ പന്തില്‍ സിക്സുമായി തുടങ്ങിയ സഞ്ജു ആദ്യ ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടി. ഏഴുബോളില്‍നിന്ന് 16 റണ്‍സ് നേടിയ സഞ്ജു വീണ്ടും ഷോട്ട് പിച്ച് കെണിയില്‍ വീണ് പുറത്തായി. ഇതിനിടെ രണ്ട് സിക്സറുകളും ഒരുഫോറും സഞ്ജു നേടി. മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോഫ്രാ ആര്‍ച്ചറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. എത്തവണത്തേയും പോലെ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്.
പവര്‍ പ്ലേയില്‍ മാത്രം 95 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന് പവര്‍ പ്ലേ സ്‌കോറാണിത്. സഞ്ജു സാംസണിന്റെ (16) വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ റെക്കോര്‍ഡ് പവര്‍പ്ലേ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 2021ല്‍ സ്‌കോട്ലന്‍ഡിനെതിരെ ദുബായില്‍ നേടിയ രണ്ടിന് 82 എന്ന സ്‌കോറാണ് പഴങ്കഥയായത്. 2024ല്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടിയിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ രണ്ടിന് 78 എന്ന സ്‌കോറും പിന്നിലായി.
പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 58 റണ്‍സുമായി അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നു. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കി അഭിഷേക്. 37 പന്തിലാണ് താരം സെഞ്ചുറി നേടുന്നത്. 10 സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളാന്‍ അഭിഷേകിന് സാധിച്ചു. ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്.
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സാകിബ് മഹ്‌മൂദിന് പകരം മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.