വാംഖഡെയില്‍ ഇംഗ്ലണ്ടിനെിരെ വന്‍ വിജയം; 150 റണ്‍സ് വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കി സൂര്യകുമാര്‍ യാദവും കൂട്ടരും; വെടിക്കെട്ട് സിക്‌സറുകളോടെ സെഞ്ച്വറി നേടിയ അഭിഷേഖ് ശര്‍മ പ്ലെയര്‍ ഓഫ് ദി മാച്ച്; പരമ്പരയുടെ താരമായി വരുണ്‍ ചക്രവര്‍ത്തി
വാംഖഡെയില്‍ ഇംഗ്ലണ്ടിനെിരെ വന്‍ വിജയം
മുംബൈ: വാംഖഡെയില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാന്‍ അനുവദിക്കാതെ ഇന്ത്യയുടെ ഉജ്ജ്വല വിജയം. ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യ 150 റണ്‍സിനാണ് വിജയം നേടിയത്. ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷുകാരുടെ മറുപടി 10.3 ഓവറുകളില്‍ വെറും 97 റണ്‍സില്‍ അവസാനിച്ചു.
സ്‌കോര്‍: ഇന്ത്യ 247-9 (20), ഇംഗ്ലണ്ട് 97-10 (10.3).
ഇന്ത്യക്കായി സെഞ്ച്വറിക്ക് പുറമേ ബൗളിംഗിലും തിളങ്ങിയ അഭിഷേക് ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയുടെ താരമായി വരുണ്‍ ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും സാള്‍ട്ടിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. സാള്‍ട്ട് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്തോറും ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. സാള്‍ട്ട് 55(23) റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ താരത്തിന് പിന്തുണ നല്‍കാന്‍ മറുവശത്ത് ആളുണ്ടായില്ല.
10 റണ്‍സ് നേടിയ ജേക്കബ് ബെഥല്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ബെന്‍ ഡക്കറ്റ് 0(1), ജോസ് ബട്ലര്‍ 7(7), ഹാരി ബ്രൂക് 2(4). ലിയാം ലിവിംഗ്സ്റ്റണ്‍ 9(5), ബ്രൈഡന്‍ കാഴ്സ് 3(4) തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരില്‍ എല്ലാവരും നിറംമങ്ങി.ജേമി ഓവര്‍ടണ്‍ 1(3), ജോഫ്ര ആര്‍ച്ചര്‍ 1*(2), ആദില്‍ റഷീദ് 6(6), മാര്‍ക് വുഡ് 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ, അഭിഷേക് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രവി ബിഷ്ണോയ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 37 പന്തുകളില്‍ സെഞ്ച്വറി തികച്ച് 54 പന്തുകളില്‍ 134 റണ്‍സ് അടിച്ചെടുത്ത യുവതാരം അഭിഷേക് ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 13 സിക്‌സറുകളും ഏഴ് ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 16 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മാര്‍ക് വുഡിനെ സിക്‌സറിന് പറത്താനുള്ള ശ്രമം ഡീപ് സ്‌ക്വയറില്‍ ജോഫ്ര ആര്‍ച്ചറുടെ കൈകകളിലൊതുങ്ങിയപ്പോള്‍ 16(7) റണ്‍സ് നേടി താരം പുറത്തായി.സഞ്ജു പുറത്തായതിന് പിന്നാലെ ഇന്നിംഗ്‌സിന്റെ നിയന്ത്രണം അഭിഷേക് ഏറ്റെടുത്തു.
തിലക് വര്‍മയും 24(15) കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച് കളിച്ചു. നാലാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 2(3) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മറുവശത്ത് അഭിഷേക് ശര്‍മ്മ 17 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയും 37 പന്തുകളില്‍ സെഞ്ച്വറിയും മറികടന്നു.ശിവം ദൂബെ 13 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടി മികവ് കാണിച്ചു. ഹാര്‍ദിക് പാണ്ഡ്യ 9(6), റിങ്കു സിംഗ് 9(6) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാഴ്‌സ് മൂന്നുവിക്കറ്റ് നേടി. മാര്‍ക്ക് വുഡ് രണ്ടുവിക്കറ്റും ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ടണും ആദില്‍ റാഷിദും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത്.
വാങ്കഡെയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്ന് ഓരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ സാക്കിബ് മഹ്‌മൂദിന് പകരം മാര്‍ക് വുഡ് തിരിച്ചെത്തി. അര്‍ഷദീപ് സിങ്ങിന് പകരം ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി ടീമിലെത്തിയിരുന്നു.