പാക് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; പേസും സ്പിന്നും സമാസമം ചേര്‍ത്ത കടന്നാക്രമണത്തില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ്; രണ്ട് വിക്കറ്റുകള്‍ വീതം നേടി ബുംറയും അക്ഷര്‍ പട്ടേലും
ദുബായ്: ഏഷ്യാകപ്പിലെ ആവേശപ്പോരില്‍ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ അതിജീവിക്കാന്‍ കഴിയാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്‍. ഏഷ്യാകപ്പ് ക്രിക്കറ്റ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. ഇതോടെ ഇന്ത്യക്ക് വിജയിക്കാന്‍ 128 റണ്‍സ് മതി. ഇന്ത്യന്‍ പേസ്- സ്പിന്‍ ആക്രമണത്തെ അതിജീവിക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല.
മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ ജസ്പ്രീത് ബുമ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ പാളി. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഹാര്‍ദിക് എറിഞ്ഞ, ഇന്നിങ്‌സിന്റെ ആദ്യ പന്ത് വൈഡായതിനു പിന്നാലെയെത്തിയ കിടിലന്‍ ഇന്‍സ്വിങ്ങറില്‍ ബാറ്റു വച്ച ഓപ്പണര്‍ സയീം അയൂബിനെ (പൂജ്യം) ജസ്പ്രീത് ബുമ്ര കയ്യിലൊതുക്കുകയായിരുന്നു.
തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണസ്വഭാവത്തോടെ ബാറ്റിങ്ങിന് ശ്രമിച്ച ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിനാണ് ക്യാച്ച്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി.
തുടര്‍ന്ന് 13-ാം ഓവറില്‍ ഹസന്‍ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. തൊട്ടുമുന്‍പത്തെ പന്തില്‍ ഹസനെ പുറത്താക്കാന്‍ ലഭിച്ച അവസരം കുല്‍ദീപ് പാഴാക്കിയിരുന്നു. രണ്ട് കൈകള്‍ക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹസനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കി അതിന് പരിഹാരം ചെയ്തു. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് നവാസിനെയും മടക്കി പാകിസ്താനെ ഞെട്ടിച്ചു. ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിയ നവാസ്, ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
18ാം ഓവറില്‍ ഫഹീം അഷ്‌റഫിനെ (14 പന്തില്‍ 11) വരുണ്‍ ചക്രവര്‍ത്തിയും 19ാം ഓവറില്‍ സൂഫിയാന്‍ മുഖീമിനെ (6 പന്തില്‍ 10) ബുമ്രയും പുറത്താക്കി. ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 100 കടക്കില്ലെന്നു കരുതിയെങ്കിലും അവസാന ഓവറുകളില്‍ ഷഹീന്‍ അഫ്രീദി (16 പന്തില്‍ 33*) നടത്തിയ ബാറ്റിങ്ങാണ് അവരുടെ സ്‌കോര്‍ 120 കടത്തിയത്. നാല് സിക്‌സറുകളാണ് ഷഹീന്‍ അഫ്രീദിയുടെ ബാറ്റില്‍നിന്നു പിറന്നത്.
ഇരു ടീമുകളും ആദ്യമത്സരത്തില്‍നിന്ന് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്. വിജയിക്കുന്ന ടീമിന് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിക്കാനാകും. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ സംഘര്‍ഷങ്ങള്‍ക്കിടെയാണ് മത്സരമെന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തി. ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്.