മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം; ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 40 പന്തുകൾ ബാക്കി നിൽക്കെ; വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി വർമ്മ; രേണുക സിംഗിന് നാല് വിക്കറ്റ്
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടി20യിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ വിജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 115 റൺസ് നേടി അനായാസ വിജയം ഉറപ്പിക്കുകയായിരുന്നു.
42 പന്തിൽ 79 റൺസെടുത്ത് പുറത്താവാതെ നിന്ന ഷെഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിംഗിന്റെ മികവിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം. പരമ്പരയിൽ ഷെഫാലിയുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയായിരുന്നു ഇത്. മൂന്ന് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്‌സ്. സ്മൃതി മന്ദാന (1), ജെമീമ റോഡ്രിഗസ് (9) എന്നിവർക്ക് തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും, ഷെഫാലിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (21) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ശ്രീലങ്കൻ ബാറ്റിംഗ് നിരയെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ രേണുക സിംഗും ദീപ്തി ശർമ്മയും മികച്ച പ്രകടനം കാഴ്ചവെച്ചു. നാലോവറിൽ 21 റൺസ് വഴങ്ങി രേണുക നാല് വിക്കറ്റുകൾ നേടിയപ്പോൾ, ദീപ്തി ശർമ്മ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വർമ്മ തകർപ്പൻ അർധസെഞ്ചുറി നേടി. 42 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതം 79 റൺസെടുത്ത് പുറത്താകാതെ നിന്ന ഷഫാലി ഇന്ത്യയുടെ വിജയം വേഗത്തിലാക്കി.
മറുവശത്ത് ഓപ്പണർ സ്മൃതി മന്ദാന ഒരു റണ്ണിനും ജെമീമ റോഡ്രിഗസ് ഒൻപത് റണ്ണിനും പുറത്തായി. ഇരുവരെയും പുറത്താക്കിയത് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ കവിഷ ദിൽഹാരിയാണ്. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്ത് ഷഫാലിക്കൊപ്പം പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. നേരത്തെ ബാറ്റ് ചെയ്ത ശ്രീലങ്കൻ നിരയിൽ 27 റൺസ് നേടിയ ഇമേഷ ദുലാനിയാണ് ടോപ് സ്കോറർ. ഓപ്പണർ ഹസിനി പെരേര 25 റൺസും കവിഷ ദിൽഹാരി 20 റൺസും വിക്കറ്റ് കീപ്പർ കൗഷനി നുത്യങ്കന 19 റൺസും നേടി.
