ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീയും ഔദ്യേഗികമായി വേര്‍പിരിഞ്ഞു; ഇരുവരുടെയും പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ മുംബൈ കുടുംബകോടതി അനുമതി നല്‍കി

Update: 2025-03-20 12:00 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്ത സംവിധായക ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വിവാഹമോചിതരായി. വ്യാഴാഴ്ച മുംബൈ കുടുംബകോടതി ഇരുവരുടെയും പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേര്‍പിരിയാന്‍ അനുവദിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍, വിവാഹമോചനം വേഗത്തിലാക്കണമെന്ന് ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വാദം വേഗത്തില്‍ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.

ചാഹലും ധനശ്രീയും വ്യത്യസ്ത സമയത്താണ് കോടതിയില്‍ ഹാജരായത്. ആദ്യം ചാഹലാണ് എത്തിയതെങ്കില്‍, ഒരു മണിക്കൂര്‍ കഴിഞ്ഞ് ധനശ്രീയും എത്തി. 2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. എന്നാല്‍, 2022 ജൂണ്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടരവര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും കഴിഞ്ഞമാസമാണ് ഇരുവരും ബാന്ദ്ര കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ചെയ്തത്. രണ്ടുപേരും ചേര്‍ന്നാണ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ഇതിനൊപ്പം വിവാഹമോചനക്കേസിലെ കൂളിങ് ഓഫ് പിരീയഡ് ഒഴിവാക്കണമെന്നും ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഉഭയസമ്മതത്തോടെ വിവാഹമോചന ഹര്‍ജി ഫയല്‍ചെയ്താലും ആറുമാസത്തെ കൂളിങ് ഓഫ് പിരീഡ് കഴിഞ്ഞ ശേഷമേ കോടതി ഹര്‍ജി പരിഗണിക്കാവൂ എന്നതാണ് ചട്ടം. ദമ്പതിമാര്‍ തമ്മില്‍ അനുരഞ്ജനത്തിലെത്താനോ വീണ്ടും ഒത്തുചേര്‍ന്ന് ബന്ധം തുടരാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ആറുമാസത്തെ സമയം അനുവദിക്കുന്നത്.

ഫെബ്രുവരി 20-ന് ബാന്ദ്ര കുടുംബകോടതി ചാഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കുളിങ് ഓഫ് പീരിയഡ് ഒഴിവാക്കാന്‍ വിസമ്മതിച്ചു. ജീവനാംശവുമായി ബന്ധപ്പെട്ട ധാരണകള്‍ ചാഹല്‍ മുഴുവനായി പാലിച്ചില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കൂളിങ് ഓഫ് ഒഴിവാക്കാനുള്ള അപേക്ഷ കോടതി തള്ളിയത്.

ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നല്‍കാമെന്നാണ് വിവാഹമോചനത്തിനായി ഏര്‍പ്പെട്ട കരാര്‍പ്രകാരം ചാഹല്‍ സമ്മതിച്ചിരുന്നത്. എന്നാല്‍, ഇതുവരെ 2.37 കോടി രൂപ മാത്രമാണ് ധനശ്രീക്ക് ചാഹല്‍ ജീവനാംശമായി നല്‍കിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി കൂളിങ് ഓഫ് പിരീഡില്‍ ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ചത്. പിന്നാലെ ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചാഹലും ധനശ്രീയും ബോംബെ ഹൈക്കോടതിയില്‍ സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ജീവനാംശ തുകയുടെ രണ്ടാം ഗഡു വിവാഹമോചനത്തിന് ശേഷം സ്ഥിരം ജീവനാംശമായി നല്‍കിയാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചത്.

2020-ല്‍ കോവിഡ് സമയത്താണ് ചാഹലും ധനശ്രീയും തമ്മില്‍ പ്രണയത്തിലാവുന്നത്. ധനശ്രീയുടെ നൃത്തവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ക്കണ്ട ചാഹല്‍, നൃത്തം പഠിക്കാന്‍ സമീപിക്കുകയായിരുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആ വര്‍ഷംതന്നെ ഇരുവരും വിവാഹിതരായി.

Tags:    

Similar News