ഏകദിനം കളിച്ചിട്ടില്ലെങ്കിലും പരിഗണിച്ചത് ജയ്‌സ്വാളിന്റെ പ്രതിഭ; സിറാജിനെ ഒഴിവാക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമെന്നും രോഹിത്; സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം പറയാതെ പറഞ്ഞ് ഇന്ത്യന്‍ നായകന്‍; കരുണിനെ പ്രശംസിക്കുമ്പോഴും എവിടെ കളിപ്പിക്കുമെന്ന ചോദ്യമുന്നയിച്ച് അഗാര്‍ക്കര്‍
സിറാജിനെ തഴഞ്ഞതിന്റെ കാരണം വ്യക്തമാക്കി രോഹിത്
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ചും ഓപ്പണറായ യുവതാരം യശ്വസി ജയ്‌സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. പഴയ പന്തില്‍ സിറാജിന് മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതുകൊണ്ട് വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്കായി പരിഗണിച്ചതെന്നും രോഹിത് വ്യക്തമാക്കി.
2022ല്‍ ഏകദിനങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് സിറാജ് നേടിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സിറാജ്.
ഏകദിന റാങ്കിംഗില്‍ അവസാനം ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ബൗളറും സിറാജാണ്. പക്ഷെ കഴിഞ്ഞ വര്‍ഷം നിറം മങ്ങിയതും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തതുമാണ് സിറാജിന് തിരിച്ചടിയായത്. മുഹമ്മദ് ഷമി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതും ജസ്പ്രീത് ബുമ്ര കളിക്കുമെന്നുള്ളതും സിറാജിന്റെ വഴിയടച്ചു. ഇടം കൈയന്‍ പേസറെന്ന ആനുകൂല്യവും ട്വന്റി 20 ക്രിക്കറ്റിലെ മികച്ച ഫോമും അര്‍ഷ്ദീപ് സിംഗിന് ടീമില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ സിറാജ് പുറത്താവുകയായിരുന്നു.
അതേ സമയം ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കാത്ത യശസ്വി ജയ്‌സ്വാളിനെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതിന്റെ കാരണവും രോഹിത് വിശദീകരിച്ചു. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളിലെ ഗംഭീര ഫോം പരിഗണിച്ചാണ് ജയ്‌സ്വാളിന് ചാംപ്യന്‍സ് ട്രോഫിയില്‍ അവസരം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യന്‍സ് ട്രോഫിക്കു മുന്‍പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ജയ്‌സ്വാള്‍ അരങ്ങേറ്റ മത്സരം കളിച്ചേക്കും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഓപ്പണറാകാനാണു സാധ്യത. അങ്ങനെയെങ്കില്‍ ബെഞ്ചിലായിരിക്കും ജയ്‌സ്വാളിന്റെ സ്ഥാനം. ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലെങ്കിലും മറ്റു ഫോര്‍മാറ്റുകളിലെ ജയ്‌സ്വാളിന്റെ പ്രകടനം നോക്കിയാണ് ടീമിലെടുത്തതെന്ന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ''കഴിഞ്ഞ 6 മുതല്‍ 8 മാസമായി ജയ്‌സ്വാള്‍ നടത്തിയ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ സിലക്ഷന്‍. ജയ്‌സ്വാളിന്റെ പ്രതിഭ അറിയാവുന്നതു കൊണ്ടാണ് അതു ചെയ്തത്.'' രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന കരുണ്‍ നായരെ പ്രശംസിച്ച സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ നിലവിലത്തെ സാഹചര്യത്തില്‍ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന് തുറന്നു സമ്മതിച്ചു. ''700ന് മുകളിലൊക്കെ ശരാശരിയുള്ളത് തീര്‍ച്ചയായും ഗംഭീരമായ പ്രകടനമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനം കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.'' അഗാര്‍ക്കര്‍ വ്യക്തമാക്കി. കരുണ്‍ നിലവില്‍ വണ്‍ഡൗണ്‍ പൊസിഷനിലാണ് ഇറങ്ങുന്നത്. ഇതേ പൊസിഷനിലാണ് വിരാട് കോലി ബാറ്റ് ചെയ്യുന്നത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി ഋഷഭ് പന്തുമാണുള്ളത്. കരുണിനെ ടീമിലെടുത്താലും നിലവിലെ സാഹചര്യത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കാന്‍ ബുദ്ധിമുട്ടാകും.
വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ ഫൈനല്‍ വരെ എത്തിച്ച കരുണ്‍ നായര്‍ ഇതുവരെ അഞ്ച് സെഞ്ചറികളാണു നേടിയത്. 112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് ടൂര്‍ണമെന്റില്‍ താരത്തിന്റെ പ്രകടനം. 752 ആണ് താരത്തിന്റെ ശരാശരി. വിജയ് ഹസാരെ ട്രോഫിയില്‍ 700ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റനാണ് കരുണ്‍ നായര്‍. മികച്ച ഫോമിലുള്ള സഞ്ജു സാംസണെയും ബിസിസിഐ ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു പരിഗണിച്ചിട്ടിരുന്നില്ല.
എന്തുകൊണ്ട് സഞ്ജു തഴയപ്പെട്ടുവെന്നുള്ളതില്‍ വ്യക്തമായ കാരണമൊന്നും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറോ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞിട്ടില്ല. എന്നാല്‍ സഞ്ജുവിന്റെ പേര് പറയാതെ രോഹിത് മറ്റൊരു കാര്യം പറഞ്ഞു. ആഭ്യന്തര സീസണ്‍ കളിക്കുന്നതിനെ കുറിച്ചാണിത്. ''സീസണില്‍ ഒരു താരം എങ്ങനെ കളിച്ചു, എത്രത്തോളം വിശ്രമം വേണം എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്. താരങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്.'' രോഹിത് പറഞ്ഞു.
സഞ്ജു ഇത്തവണ കേരളത്തിന് വേണ്ടി വിജയ് ഹസാരെ കളിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചെങ്കിലും വിജയ് ഹസാരെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിശീലന ക്യാംപില്‍ പങ്കെടുത്തുവര്‍ക്കാണ് പരിഗണനയെന്നാണ് കെസിഎ വ്യക്തമാക്കിയത്. സഞ്ജുവാകട്ടെ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരം തൊട്ട് തയ്യാറാണെന്നും സഞ്ജു കെസിഎയെ അറിയിച്ചു. എന്നാല്‍ കെസിഎ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, രവിന്ദ്ര ജഡേജ,