51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സെഞ്ചുറികളില്‍ ലോക റെക്കോഡിട്ട് ഇന്ത്യന്‍ താരം സ്മൃതി മന്ദാന

Update: 2024-12-12 11:12 GMT

പെര്‍ത്ത്: ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചെങ്കിലും മൂന്നാം പോരാട്ടത്തില്‍ സെഞ്ചുറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ധാന. മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി 105 റണ്‍സെടുത്താണ് സ്മൃതി തിളങ്ങിയത്. 14 ഫോറും ഒരു സിക്സും സഹിതമായിരുന്നു ഇന്നിങ്സ്. ഏതാണ്ട് ഒറ്റയ്ക്ക് നിന്നു താരം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്ത്യന്‍ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു.

2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ 4 സെഞ്ച്വറികള്‍ നേടുന്ന വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ താരമായി സ്മൃതി മാറി. സ്മൃതിക്ക് മുന്‍പ് ഏഴ് താരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷം വനിതാ ക്രിക്കറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവരെയെല്ലാം താരം പിന്നിലാക്കി. ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടരെ രണ്ട് സെഞ്ച്വറികള്‍ താരം നേടിരുന്നു. പിന്നീട് ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷത്തെ മൂന്നാം സെഞ്ച്വറിയും.

ഏകദിന കരിയറില്‍ ഇതുവരെ താരം 9 ശതകങ്ങള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മൊത്തം പട്ടികയില്‍ സ്മൃതി നിലവില്‍ നാലാം സ്ഥാനത്തുണ്ട്. സ്മൃതിയടക്കം നാല് താരങ്ങള്‍ക്ക് 9 സെഞ്ച്വറികളുണ്ട്. 15 സെഞ്ച്വറികളുള്ള മെഗ് ലാന്നിങ്, 13 സെഞ്ച്വറികളുമായി സുസി ബെയ്റ്റ്സ്, 10 സെഞ്ച്വറികളുമായി ടമ്മി ബ്യുമോണ്ട് എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

Tags:    

Similar News