മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നും

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍

Update: 2025-07-23 14:05 GMT

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യന്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍ മാറി. മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് രാഹുല്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 25 ഇന്നിങ്‌സില്‍ നിന്നാണ് നേട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിങ്‌സില്‍ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിങ്‌സില്‍ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിങ്‌സില്‍ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. 33 ഇന്നിങ്‌സില്‍ നിന്ന് 1096 റണ്‍സ് നേടിയ കോഹ്ലിയാണ് നാലാം സ്ഥാനത്ത്.

അതേ സമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടമായി. 98 പന്തില്‍ നാല് ഫോറുകള്‍ അടക്കം താരം 46 റണ്‍സ് നേടി. യശ്വസി ജയ്സ്വാള്‍ 58 റണ്‌സുമായി പുറത്തായി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിന് ടോസ് നഷ്ടമായി. ഇന്ത്യയില്‍ നിരയില്‍ യുവ പേസര്‍ അന്‍ഷുല്‍ കാംബോജ് അരങ്ങേറുമെന്നാണ് ഇലവനിലെ പ്രധാന മാറ്റം.

കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന കരുണ്‍ നായര്‍ ഇലവനില്‍ നിന്നും പുറത്തായി. പകരം സായ് സുദര്‍ശന്‍ തിരച്ചെത്തി. കരുണിന് പകരം മൂന്നാം നമ്പറിലാണ് താരമിറങ്ങുക. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദൂല്‍ താക്കൂറും തിരിച്ചെത്തി. പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം.

Tags:    

Similar News