കരുത്ത് കാട്ടി മഹാരാഷ്ട്ര; തകർപ്പൻ തുടക്കം നൽകിയത് പൃഥ്വി ഷാ; നങ്കൂരമിട്ട് സിദ്ധേഷും ഗെയ്‌ക്‌വാദും; രഞ്ജി ട്രോഫി സമനില വഴങ്ങി കേരളം; അങ്കിത് ബാവ്നെയ്ക്കും സംഘത്തിനും മൂന്ന് പോയിന്റ്; ഋതുരാജ് ഗെയ്ക്‌വാദ് കളിയിലെ താരം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍. അവസാന ദിവസം മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന നിലയിൽ നിൽക്കെ ഇരു ടീമുകളും സമനിലയ്ക്ക് പിരിയുകയായിരുന്നു. മത്സരത്തില്‍ 20 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ മഹാരാഷ്ട്രയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റ് മാത്രമാണ് നേടാനായത്.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷായും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 റണ്‍സെടുത്ത കുല്‍ക്കരണിയെ എന്‍.പി. ബേസില്‍ പുറത്താക്കിയെങ്കിലും, തുടര്‍ന്ന് ക്രീസിലെത്തിയ സിദ്ധേഷ് വീറുമായി ചേര്‍ന്ന് പൃഥ്വി ഷാ ടീമിനെ മുന്നോട്ട് നയിച്ചു.
മത്സരത്തിൽ കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത് എൻ പി ബേസിൽ ആണ്. അർഷിൻ കുൽക്കർണ്ണിയെ ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് പൃഥ്വി ഷാ കരുതലോടെ കളിച്ചെങ്കിലും 75 റൺസെടുത്ത് പുറത്തായി. 102 പന്തുകൾ നേരിട്ട ഷാ ഏഴ് ബൗണ്ടറികൾ നേടി. രണ്ടാം വിക്കറ്റിൽ പൃഥ്വി ഷായും സിദ്ദേശ് വീറും ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്ത് മഹാരാഷ്ട്രയെ സുരക്ഷിതമായ നിലയിലെത്തിച്ചു.
അവസാന ദിനം മഹാരാഷ്ട്രയെ സമനിലയിലേക്ക് നയിച്ചതിൽ റുതുരാജ് ഗെയ്ക്‌വാദും സിദ്ദേശ് വീറും തമ്മിലുള്ള കൂട്ടുകെട്ടിന് വലിയ പങ്കുണ്ട്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് കൂട്ടിച്ചേർത്തു. സിദ്ദേശ് വീർ 197 പന്തുകൾ നേരിട്ട് 55 റൺസെടുത്ത് പുറത്താകാതെ നിന്നു. റുതുരാജ് ഗെയ്ക്‌വാദ് 81 പന്തുകളിൽ 55 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ റുതുരാജ് ഗെയ്ക്‌വാദ് 91 റൺസെടുത്ത് മഹാരാഷ്ട്രയുടെ ടോപ് സ്കോററായിരുന്നു.
ആദ്യ ദിനം ആദ്യ ഇന്നിംഗ്സില്‍ റണ്‍സെടുക്കും മുമ്പെ 3 വിക്കറ്റും അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റും 18 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായെങ്കിലും ജലജ് സക്സേനയുടെയും റുതുരാജ് ഗെയ്‌ക്വാദിന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ മഹാരാഷ്ട്രയെ 239 റണ്‍സെന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഈ മാസം 25 മുതല്‍ മുള്ളന്‍പൂരില്‍ പഞ്ചാബുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.