വെങ്കടേഷ് അയ്യറിനെയും ആന്ദ്രേ റസ്സലിനേയും ഒഴിവാക്കി; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മിനി താരലേലത്തിനെത്തുക 64.3 കോടിയുമായി; ആ മലയാളി താരത്തെ റിലീസ് ചെയ്ത് സണ്‍റൈസേഴ്‌സ്
കൊൽക്കത്ത: ഐപിഎൽ മിനി താരലേലത്തിന് മുന്നോടിയായി ഓൾറൗണ്ടർമാരായ വെങ്കടേഷ് അയ്യറിനെയും ആന്ദ്രേ റസ്സലിനേയും ഒഴിവാക്കി മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 64.3 കോടി രൂപയുമായി ലേലത്തിനെത്തുന്ന കൊൽക്കത്തയ്ക്ക് 13 താരങ്ങളെയാണ് ഇനി ടീമിലെത്തിക്കേണ്ടത്. കഴിഞ്ഞ തവണ 23.75 കോടിക്ക് സ്വന്തമാക്കിയ വെങ്കടേഷിനെയും 12 കോടി പ്രതിഫലമുള്ള റസ്സലിനെയുമാണ് കൊൽക്കത്ത കൈവിട്ടത്.
ക്വിന്റൺ ഡി കോക്ക്, റഹ്മാനുള്ള ഗുർബാസ്, മൊയീൻ അലി, സ്പെൻസൺ ജോൺസൺ, ആന്റിച്ച് നോർജെ, ലുവിന്ത് സിസോഡിയ എന്നിവരും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, സൺറൈസേഴ്‌സ് ഹൈദരാബാദ് മലയാളി താരം സച്ചിൻ ബേബിയെ ഒഴിവാക്കി. 25.50 കോടി രൂപയുമായി ലേലത്തിനെത്തുന്ന ഹൈദരാബാദ്, മുഹമ്മദ് ഷമിയെ ട്രേഡ് വഴി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് കൈമാറിയിരുന്നു. വിയാൻ മൾഡർ, രാഹുൽ ചാഹർ, ആദം സാംപ എന്നിവരും ഒഴിവാക്കപ്പെട്ട പ്രമുഖരാണ്.
മുംബൈ ഇന്ത്യൻസ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. 2.75 കോടി രൂപയുമായാണ് മുംബൈ ലേലത്തിനെത്തുന്നത്. അർജുൻ ടെൻഡുൽക്കറെ മുംബൈ ലഖ്‌നൗവിന് നൽകിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാൻ, ലിസാർഡ് വില്യംസ് എന്നിവരും ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഷെഫാനെ റുതർഫോർഡ്, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ എന്നിവരെ മുംബൈ നേരത്തെ സ്വന്തമാക്കിയിരുന്നു.