ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി; പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ കെ.എല്‍ രാഹുലിന് പരിക്ക്; കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി പൂര്‍ത്തിയാക്കാതെ പുറത്ത്
പെര്‍ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പരിക്ക്. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷനുകള്‍ക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി മുഴുവനാക്കാതെ കളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപോവുകയും ചെയ്തു. ജയ്സ്വാളിനൊപ്പം ബാറ്റ് ചെയ്യവെയായിരുന്നു പരിക്കേറ്റത്.
ഇന്ത്യന്‍ ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ച് നടത്തുന്ന ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍മാരാകുമെന്ന് കരുതുന്ന രാഹുലും ജയ്‌സ്വാളുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ഇന്ത്യക്കായി യശസ്വിക്കൊപ്പം രാഹുലിനെയാണ് ഓപ്പണറായി ഇറക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്നലെ നടന്ന പരിശീലന സെഷനിടെ സര്‍ഫറാസ് ഖാനും പരിക്കേറ്റിരുന്നു. എന്നാല്‍ സര്‍ഫറാസ് ഖാന്റെ പരിക്ക് ഗുരുതരമല്ല. രാഹുലിന്റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് പരിശീലന മത്സരം കളിക്കണമെന്ന മുന്‍ താരങ്ങളുടെ ആവശ്യം ആദ്യം ഇന്ത്യന്‍ ടീം നിരസിച്ചെങ്കിലും പിന്നീട് ബിസിസിഐ നിര്‍ദേശത്തെത്തുടര്‍ന്ന് പരിശീലന മത്സരം കളിക്കാന്‍ തയ്യാറാവുകയായിരുന്നു.