നന്നായി ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്; അതും അംപയറുടെ പിഴവ് കൊണ്ട്; തേര്‍ഡ് അംപയര്‍ വക രാഹുലിന് പണി; വിവാദമായി രാഹുലിന്റെ വിക്കറ്റ്

Update: 2024-11-22 06:32 GMT

പെര്‍ത്ത്‌: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ചയാണ്. രണ്ട് താരങ്ങളാണ് ആദ്യം തന്നെ പൂജ്യത്തില്‍ പുറത്തായത്. വിരാട് കോഹ് ലി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് റണ്‍സില്‍ വിക്കറ്റ് പോകുകയായിരുന്നു. ഓസീസിനെ ആദ്യം മുതല്‍ ആത്മവിശ്വാസത്തോടെ നേരിട്ട താരമാണ് കെ.എല്‍ രാഹുല്‍. എന്നാല്‍ 26 റണ്‍സില്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി രാഹുലും പുറത്തായി.

എന്നാല്‍ കെ എല്‍ രാഹുലിന്റെ പുറത്താകല്‍ വിവാദമാവുകയാണ്. നേരത്തെ ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന രാഹുല്‍ ഫോമിലേക്കുയരുന്ന ഘട്ടത്തിലാണ് നിര്‍ഭാഗ്യവശാല്‍ പുറത്താവുന്നത്. പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന് പിരിയുന്നതിന്റെ തൊട്ടുമുന്‍പാണ് ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടപ്പെടുന്നത്. ഓപണിങ് ഇറങ്ങിയ രാഹുല്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റുവീശിയിരുന്നു. ഒരുവശത്ത് ജയ്സ്വാളിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും കോഹ്ലിയുടെയും വിക്കറ്റുകള്‍ നഷ്ടമായപ്പോഴും ഓസീസ് പേസര്‍മാരെ മികച്ച രീതിയില്‍ പ്രതിരോധിച്ച് രാഹുല്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു.

എന്നാല്‍ 74 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സെടുത്ത് ക്രീസില്‍ നിന്ന രാഹുലിന് അമ്പയറിങ് പിഴവ് മൂലം പുറത്താവേണ്ടി വരികയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് ആണ് വിധിച്ചതെങ്കിലും ഓസ്ട്രേലിയ റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തേര്‍ഡ് അമ്പയര്‍ നടത്തിയ പരിശോധനയില്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തുകയായിരുന്നു. അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടതിനെ തുടര്‍ന്നാണ് പന്ത് രാഹുലിന്റെ ബാറ്റില്‍ തട്ടിയതായി അമ്പയര്‍ വിധിച്ചത്. എന്നാല്‍ പന്ത് ബാറ്റിലല്ല മറിച്ച് പാഡിലാണ് തട്ടിയതെന്ന് റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. ഫ്രണ്ട് ഓണ്‍ ആംഗിള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അവ്യക്തമായ ആംഗിളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്ന് തേര്‍ഡ് അമ്പയര്‍ തീരുമാനമെടുക്കുകയായിരുന്നു.


രാഹുലിന്റെ പുറത്താവലില്‍ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം തന്നെ ഉടലെടുത്തിരിക്കുകയാണ്. രാഹുലിന്റേത് നോട്ടൗട്ടാണെന്ന് വ്യക്തമാണെന്നാണ് ആരാകര്‍ പറയുന്നത്. രാഹുലിന്റെ റിവ്യൂ പരിശോധിക്കാന്‍ തേര്‍ഡ് അമ്പയര്‍ മതിയായ സമയമെടുത്തില്ലെന്നും സ്പൈക്ക് കണ്ടയുടന്‍ തന്നെ ബാറ്റില്‍ തട്ടിയതായി ഉറപ്പിച്ചെന്നും വിമര്‍ശനമുയരുന്നുണ്ട്. സാധാരണ തെളിവുകള്‍ അവ്യക്തമെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. ബാറ്റിന്റെയും ബൗളിന്റെയും അകലം കണ്ടാല്‍ മനസിലാക്കാന്‍ സാധിക്കുന്നതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നും ആരാധകര്‍ പറയുന്നു.

Tags:    

Similar News