'തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല'; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ-പാക് സെമിയില്‍ നിന്നും ഒഴിഞ്ഞ് സ്പോണ്‍സര്‍മാര്‍; ഇന്ത്യ സെമിയില്‍ കളിക്കുമോ എന്നതിലും അനിശ്ചിതത്വം
'തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല'; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ-പാക് സെമിയില്‍ നിന്നും ഒഴിഞ്ഞ് സ്പോണ്‍സര്‍മാര്‍
ലണ്ടന്‍: വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്സില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്താന്‍ ചാമ്പ്യന്‍സിനെ നേരിടും. വെസ്റ്റ് ഇന്‍ഡീസിനെതിരെ ലീഗിലെ അവസാന മത്സരം ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. ഇതോടെ സെമയില്‍ ഇന്ത്യ കളിക്കുമോ എന്നതിലും ആശയക്കുഴപ്പമുണ്ട്. ലീഗ് റൗണ്ടില്‍ പാകിസ്താനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ സെമിറൗണ്ടില്‍ ഈ മത്സരത്തിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലം ഈ മത്സരവും നടക്കുമോ എന്ന സംശയവും ശക്തമാണ്. ആദ്യ മത്സരത്തില്‍ ഈ കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഇന്ത്യ പിന്മാറിയത്. എന്നാല്‍ ഒരു നോക്കൗട്ടില്‍ വരുമ്പോള്‍ എന്താവും സ്ഥിതിയെന്ന് കണ്ടറിയണം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ടൂര്‍ണമെന്റിലെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ ഈസ്മൈ ട്രിപ്പ്. ക്രിക്കറ്റിനേക്കാള്‍ വലുതാണ് രാജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്‌മൈ ട്രിപ്പിന്റെ പിന്മാറല്‍
'വരാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം വെറും ഒരും ഗെയിമല്ല. ക്രിക്കറ്റും തീവ്രവാദവും ഒരുപോലെ മുന്നോട്ട് പോകില്ല. ഈസ്മൈ ട്രിപ്പ് ഇന്ത്യക്കൊപ്പം നില്‍ക്കുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തോടുള്ള ബന്ധം നോര്‍മലൈസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല,' ഈസ്മൈ ട്രിപ്പിന്റെ കോ ഫൗണ്ടര്‍ നിഷാന്ത് പീറ്റി എക്സില്‍ കുറിച്ചു.
ഇത് ബിസിനസ് സംബന്ധിച്ച തീരുമാനമല്ലെന്നും രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം എഴുതുന്നു. ഇന്ത്യയിലെ ആളുകള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുവെന്നും ചില കാര്യങ്ങള്‍ കളിയേക്കാള്‍ വലുതാണെന്നും അദ്ദേഹം കുറിച്ചു. അതേസമയം അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ സെമി പ്രവേശനം നടത്തിയത്. ഒറു ജയം മാത്രം നേടിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. വിന്‍ഡീസ് ഉയര്‍ത്തിയ 145 റണ്‍സിന്റെ ടാര്‍ഗറ്റ് 14.1 ഓവറില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകളുണ്ടായിരുന്നുള്ളു. എന്നാല്‍ 13.2 ഓവറില്‍ ഇന്ത്യ ലക്ഷം കണ്ടു.