11 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 387 റണ്‍സിന് ഇന്ത്യയും പുറത്ത്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ഇല്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും; മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 2 റണ്‍സ്

ലോര്‍ഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ഇല്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും

Update: 2025-07-12 18:08 GMT

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാനാകാതെ ഇന്ത്യയും ഇംഗ്ലണ്ടും പുറത്ത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 387 റണ്‍സിനു തന്നെ ഇന്ത്യയും ഓള്‍ ഔട്ടായി. ലീഡിലേക്ക് ഇന്ത്യയെത്തും എന്ന് തോന്നിച്ചെങ്കിലും അവസാന നാല് വിക്കറ്റ് 11 റണ്‍സിനിടെ നഷ്ടപ്പെടുത്തിയാണ് സന്ദര്‍ശകരും ആതിഥേയരുടെ അതേ സ്‌കോറില്‍ റണ്ണൗട്ടായത്. 376ന് 6 എന്ന നിലയില്‍നിന്നാണ് 387 റണ്‍സിന് ഇന്ത്യ പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍. മൂന്നാം ദിനത്തിന്റെ അവസാനം സമയം കളയാനുള്ള സാക് ക്രോളിയുടെ നീക്കത്തിനെതിരേ ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചത് മൂന്നാം ദിനത്തിലെ വ്യത്യസ്ത കാഴ്ചയായി.ഒന്നാം ഇന്നിങ്ങ്സില്‍ 11 റണ്‍സിനിടെയാണ് അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്. കെ.എല്‍.രാഹുലിന്റെ സെഞ്ചറിയും ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ചറികളുമാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കു കരുത്തായത്. രാഹുല്‍ 177 പന്തില്‍ 100 റണ്‍സെടുത്തും, പന്ത് 112 പന്തില്‍ 74, ജഡേജ 131 പന്തില്‍ 72 റണ്‍സെടുത്തും പുറത്തായി.

മൂന്നാം ദിനം മൂന്നിന് 145 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനില്‍ രാഹുല്‍ - ഋഷഭ് പന്ത് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി.എന്നാല്‍ ഉച്ചഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന പന്തിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സാണ് റണ്ണൗട്ടാക്കിയത്.അനാവശ്യ റണ്ണിന് ശ്രമിച്ച പന്തിന്റെ പുറത്താകല്‍ ആത്മഹത്യാപരമായിരുന്നു.112 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്.

പിന്നാലെ രാഹുല്‍ സെഞ്ചുറി തികച്ചു.ലോര്‍ഡ്‌സില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടില്‍ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയും.ഇത്തവണത്തെ പരമ്പരയില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയുമാണിത്.സെഞ്ചുറി നേടിയതിനു പിന്നാലെ ഷോയബ് ബഷീറിന്റെ പന്തില്‍ രാഹുല്‍ പുറത്തായി. 177 പന്തില്‍ നിന്ന് 13 ബൗണ്ടറിയടക്കം 100 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ - നിതീഷ് കുമാര്‍ റെഡ്ഡി സഖ്യം സ്‌കോര്‍ 300 കടത്തി.ജഡേജയ്‌ക്കൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ നിതീഷിനെ ബെന്‍ സ്റ്റോക്ക്‌സ് പുറത്താക്കി.

91 പന്തുകള്‍ നേരിട്ട് 30 റണ്‍സായിരുന്നു നിതീഷിന്റെ സമ്പാദ്യം. നാല് ബൗണ്ടറികളടങ്ങുന്നതായിരുന്ന നിതീഷിന്റെ ഇന്നിങ്‌സ്.നിതീഷ് മടങ്ങിയ ശേഷം എട്ടാമന്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 131 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സെടുത്ത ജഡേജയെ മടക്കി ക്രിസ് വോക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.ഇന്ത്യ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും 11 റണ്‍സിനിടെ ആകാശ് ദീപ് (7), ജസ്പ്രീത് ബുംറ (0), വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ മടക്കി ഇംഗ്ലണ്ട്, ഇന്ത്യന്‍ സ്‌കോറും 387-ല്‍ അവസാനിപ്പിച്ചു.

മൂന്നാം ദിനത്തില്‍ നിതീഷ് റെഡ്ഡി (91 പന്തില്‍ 30), വാഷിങ്ടന്‍ സുന്ദര്‍ (76 പന്തില്‍ 23) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യയ്ക്കു തുണയായി.

ആകാശ് ദീപ് (10 പന്തില്‍ 7), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നു വിക്കറ്റ് വീഴ്ത്തി.ജോഫ്ര ആര്‍ച്ചറും സ്റ്റോക്ക്‌സും രണ്ടു വിക്കറ്റ് വീതമെടുത്തു.

Tags:    

Similar News