മിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്‍; ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്
ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്
ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോയിന്റ് പട്ടികയില്‍ മൂന്നാമത്. ആറുവിക്കറ്റിനാണ് ലഖ്‌നൗവിന്റെ ജയം. ഗുജറാത്ത് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മറികടന്നു. നിക്കൊളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിന് തുണയായത്. ഗുജറാത്ത് പരാജയപ്പെട്ടതോടെ റണ്‍റേറ്റില്‍ മുന്നിലെത്തിയ ഡല്‍ഹി പട്ടികയില്‍ ഒന്നാമതെത്തി.
ഗുജറാത്ത് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന്റെ തുടക്കം മികച്ചതായിരുന്നു. എയ്ഡന്‍ മാര്‍ക്രത്തോടൊപ്പം നായകന്‍ ഋഷഭ് പന്തുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മാര്‍ക്രം തകര്‍പ്പന്‍ തുടക്കമാണ് ലഖ്നൗവിന് സമ്മാനിച്ചത്. മാര്‍ക്രത്തിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ ലഖ്നൗ ആറോവറില്‍ 61 റണ്‍സിലെത്തി. അതേസമയം നായകന്‍ ഋഷഭ് പന്ത് പതിയെ ആണ് സ്‌കോറുയര്‍ത്തിയത്.
ടീം സ്‌കോര്‍ 65 ല്‍ നില്‍ക്കേ പന്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തില്‍ നിന്ന് 21 റണ്‍സ് മാത്രമെടുത്ത പന്തിന് ഓപ്പണറായി അരങ്ങേറ്റത്തില്‍ ശോഭിക്കാനായില്ല. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ നിക്കൊളാസ് പുരാന്‍ മിന്നും ഫോം തുടര്‍ന്നതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. പുരാന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ ലഖ്നൗ 10 ഓവറില്‍ 114 ലെത്തി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച മാര്‍ക്രവും (58)പുറത്തായി. മറുവശത്ത് വെടിക്കെട്ട് തുടര്‍ന്ന പുരാന്‍ സ്‌കോര്‍ 150 കടത്തി. 34 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത പുരാനെ റാഷിദ് ഖാന്‍ മടക്കിയത് ഗുജറാത്തിന് നേരിയ പ്രതീക്ഷ സമ്മാനിച്ചു. പിന്നാലെയിറങ്ങിയ മില്ലര്‍ (7) വേഗം പുറത്തായെങ്കിലും ആയുഷ് ബധോനിയും(28) അബ്ദുള്‍ സമദും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.
സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് നല്‍കിയ മിന്നു തുടക്കം മുതലാക്കാനാകാതെ പോയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. ഒരു 20 - 25 റണ്‍സ് കൂടുതല്‍ നേടിയിരുന്നെങ്കില്‍ പോലും ഒരുപക്ഷേ വിജയസാധ്യതയുണ്ടായിരുന്ന മത്സരം, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് കൈവിട്ടു. ഒപ്പം വിക്കറ്റിനു പിന്നില്‍ ക്യാച്ച് കൈവിട്ടും സ്റ്റംപിങ് അവസരം പാഴാക്കിയും ജോസ് ബട്‌ലറും ബാധ്യതയായി മാറിയതോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെടുകയായിരുന്നു.
വിജയത്തോടെ ആറു കളികളില്‍നിന്ന് നാലു വിജയങ്ങള്‍ സഹിതം എട്ടു പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഗുജറാത്ത് സീസണിലെ രണ്ടാം തോല്‍വിയോടെ എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. കളിച്ച നാലു മത്സരങ്ങളും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത്.
ലക്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. 38 പന്തില്‍ 60 റണ്‍സുമായി ക്യാപ്റ്റന്‍ ഗില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോററായി. സായ് സുദര്‍ശന്‍ 37 പന്തില്‍ 56 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുമായി മിന്നുന്ന തുടക്കമിട്ട ഗുജറാത്തിനെ, അവസാന എട്ട് ഓവറില്‍ പിടിച്ചു കെട്ടിയാണ് ലക്‌നൗ 171 റണ്‍സില്‍ ഒതുക്കിയത്.
ആദ്യ 12 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 120 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 13ാം ഓവറിന്റെ ആദ്യ പന്തില്‍ ഗില്ലിനെ ആവേശ് ഖാന്‍ പുറത്താക്കിയതോടെ മത്സരത്തിലേക്കു തിരിച്ചുവന്ന ലക്‌നൗ, അടുത്ത എട്ട് ഓവറില്‍ വിട്ടുകൊടുത്തത് 60 റണ്‍സ് മാത്രം. ഇതിനിടെ അവരുടെ ആറു വിക്കറ്റുകളും പിഴുതു. 38 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് ഗില്‍ 60 റണ്‍സെടുത്തത്. സുദര്‍ശന്‍ 37 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 73 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്.
ജോസ് ബട്‌ലര്‍ 14 പന്തില്‍ രണ്ടു ഫോറുകളോടെ 16 റണ്‍സെടുത്തു. ഇടയ്ക്ക് ലക്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് 'കൈവിട്ടു സഹായിച്ച' ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 19 പന്തില്‍ മൂന്നു ഫോറുകളോടെ 22 റണ്‍സെടുത്ത് പുറത്തായി. ഷാരൂഖ് ഖാന്‍ ആറു പന്തില്‍ ഒരു സിക്‌സ് സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. വാഷിങ്ടന്‍ സുന്ദര്‍ മൂന്നു പന്തില്‍ രണ്ടു റണ്‍സെടുത്ത് നിരാശപ്പെടുത്തി. രാഹുല്‍ തെവാത്തിയ ഗോള്‍ഡന്‍ ഡക്കായി. റാഷിദ് ഖാന്‍ രണ്ടു പന്തില്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.
ലക്‌നൗവിനായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും ഷാര്‍ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാന്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ദിഗ്വേഷ് രതി നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.