വിജയ് ഹസാരെ ട്രോഫി; മുന്നിൽ നിന്ന് നയിച്ച് മായങ്ക് അഗര്‍വാള്‍; ഒരു വിക്കറ്റ് ബാക്കി നിൽക്കെ ജയിക്കാന്‍ വേണ്ടത് 45 റണ്‍സ്; ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടത്തിൽ കര്‍ണാടകയ്ക്ക് അവിശ്വസനീയ ജയം

Update: 2024-12-26 12:28 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ശക്തമായ പഞ്ചാബ് ബൗളിംഗ് നിരയ്‌ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ കർണാടകയ്‌ക്കായി നേടിയത് ഐതിഹാസിക ജയം മത്സരത്തില്‍ ഓപ്പണറായെത്തിയ വാലറ്റത്തെ കൂട്ടുപിടിച്ച് ടീമിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. മായങ്ക് 139 റണ്‍സുമായി പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 49.2 ഓവറില്‍ 247ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 47.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പഞ്ചാബിന് വേണ്ടി അഭിഷേക് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി.

249 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടകയ്ക്കായി അഗർവാൾ ഒരു വശത്ത് സ്കോർ ഉയർത്തിയപ്പോൾ മറ്റാർക്കും നിലയുറപ്പിച്ച് കളിക്കാനായില്ല. 29 റണ്‍സ് നേടിയ ശ്രേയസ് ഗോപാലാണ് കര്‍ണാടകയുടെ അടുത്ത ടോപ് സ്‌കോര്‍. ഒന്നാം വിക്കറ്റില്‍ നികിന്‍ ജോസ് (13) - മായങ്ക് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. നികിനെ അഭിഷേക് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ കര്‍ണാടകയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. കെ വി അനീഷ് (7), ആര്‍ സ്മരണ്‍ (5), കെ എല്‍ ശ്രീജിത്ത് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 84 എന്ന നിലയിലായി കര്‍ണാടക.

എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച മായങ്ക് - ശ്രേയസ് സഖ്യം ടീമിനെ വിജയിത്തിലേക്കെത്തിമെന്ന് തോന്നിപ്പിച്ചു. എന്നാൽ 84 റണ്‍സ് കൂട്ടിചേര്‍ത്ത് സഖ്യം പിരിഞ്ഞു. ശ്രേയസ്, ബല്‍തേജ് സിംഗിന്റെ പന്തില്‍ ബൗള്‍ഡായതോടെ കളി വീണ്ടും പഞാബിന് അനുകൂലമായി. പ്രവീണ്‍ ദുബെ (11), അഭിനവ് മനോഹര്‍ (20), വിജയകുമാര്‍ വിശാഖ് (0), അഭിലാഷ് ഷെട്ടി (1) എന്നിവര്‍ സ്കോർ ബോർഡിൽ കാര്യമായി ചലനമുണ്ടാക്കാതെ മടങ്ങിയതോടെ കര്‍ണാടക ഒമ്പതിന് 203 എന്ന നിലയിലായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പിന്നീട് ജയിക്കാന്‍ വേണ്ടത് 45 റണ്‍സായിരുന്നു. എന്നാൽ വി കൗശിക്കിനെ (10 പന്തില്‍ 7) കൂട്ടുപിടിച്ച് മായങ്ക് സമ്മർദത്തെ അതിജീവിച്ചതോടെ കര്‍ണാടകയെ വിജയത്തിലേക്കെത്തി. 127 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 17 ഫോറുമാണ് നേടിയത്.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അഭിലാഷ് ഷെട്ടിയാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 60 പന്തില്‍ 51 റണ്‍സെടുത്ത അന്‍മോല്‍പ്രീത് സിംഗാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍ മല്‍ഹോത്ര (42), സന്‍വീര്‍സ സിംഗ് (35), നെഹല്‍ വധേര (37) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്‌കോറര്‍മാര്‍. അഭിഷേക് ശര്‍മ (17), പ്രഭ്‌സിമ്രാന്‍ സിംഗ് (26), രമണ്‍ദീപ് സിംഗ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മയാങ്ക് മര്‍കണ്ഡെ (1), അര്‍ഷ്ദീപ് സിംഗ് (1), ബല്‍തേജ് സിംഗ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രഘു ശര്‍മ (22) പുറത്താവാതെ നിന്നു.

Tags:    

Similar News