തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി രോഹിത്; ഹൈദരാബാദിനെതിരെ 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം; അഞ്ചാം ജയത്തോടെ ആദ്യനാലിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്; 10 പോയന്റുമായി മൂന്നാം സ്ഥാനത്ത്

അഞ്ചാം ജയത്തോടെ ആദ്യനാലിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്

Update: 2025-04-23 18:26 GMT

ഹൈദരാബാദ്:ഐപിഎല്‍ 18ാം സീസണില്‍ തുടര്‍ച്ചയായ നാലാം ജയവുമായി മുംബയ് ഇന്ത്യന്‍സ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അവരുടെ ഗ്രൗണ്ടില്‍ മുംബയ് തകര്‍ത്തത്.144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 26 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മുന്‍ ചാമ്പ്യന്‍മാര്‍ക്കായി.ഗുജറാത്തും ഡല്‍ഹിയും മാത്രമാണ് മുംബയ്ക്ക് മുന്നിലുള്ളത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് റിയാന്‍ റിക്കെല്‍ട്ടണിന്റെ(11) വിക്കറ്റാണ് ആദ്യം നഷ്ടമായത്.രണ്ടാം ഓവറില്‍ തന്നെ താരം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വില്‍ ജാക്ക്‌സും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി.കഴിഞ്ഞ മത്സരത്തിന് സമാനമായി രോഹിത് ശര്‍മ തകര്‍ത്തടിക്കുന്ന കാഴ്ചയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കണ്ടത്.രോഹിത് വീണ്ടും

ഫോമിലേക്കുയര്‍ന്നതോടെ ഹൈദരാബാദ് പ്രതീക്ഷകള്‍ കൈവിട്ടു. അര്‍ധസെഞ്ചുറി തികച്ച രോഹിത് ടീമിന്റെ ടോപ് സ്‌കോററുമായി.

സ്‌കോര്‍ 77 ല്‍ നില്‍ക്കേ വില്‍ ജാക്ക്‌സിനെ (22) നഷ്ടമായെങ്കിലും സൂര്യകുമാറുമൊത്ത് രോഹിത് ടീമിനെ ജയത്തിനരികിലെത്തിച്ചു.46 പന്തില്‍ നിന്ന് എട്ട് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ 70 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

സൂര്യകുമാറു (40) തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ 15.4 ഓവറില്‍ ജയത്തിലെത്തിച്ചു. ഹൈദരാബാദിനായി ഉനദ്ഘട്,ഇഷാന്‍ മലിങ്ക,സിഷന്‍ അന്‍സാരി എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 9 ഓവറില്‍ 37ന് അഞ്ച് എന്ന ദയനീയമായ നിലയില്‍ നിന്ന് ഹെയ്ന്റിച്ച് ക്ലാസന്‍ - അഭിനവ് മനോഹര്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിന്റെ ചിറകിലേറി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് ആണ് ഹൈദരാബാദ് നേടിയത്. മുംബയ് പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നിവരാണ് ഹൈദരാബാദിന്റെ മുന്‍നിരയെ തകര്‍ത്തത്.

സണ്‍റൈസേഴ്സിന്റെ ടോപ് ഫോറില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ട്രാവിസ് ഹെഡ് 0(4), അഭിഷേക് ശര്‍മ്മ 8(8), ഇഷാന്‍ കിഷന്‍ 1(4), നിധീഷ് കുമാര്‍ റെഡ്ഡി 2(6), എന്നിവരാണ് ആദ്യം പുറത്തായത്.വെറും 13 റണ്‍സ് മാത്രമായിരുന്നു ഈ സമയത്തെ സ്‌കോര്‍. അഞ്ചാമനായി അനികേത് വര്‍മ്മ 12(14) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 8.3 ഓവറില്‍ 35 റണ്‍സ് മാത്രം. പിന്നീടാണ് മത്സരത്തിലേക്ക് സണ്‍റൈസേഴ്സിനെ തിരികെ കൊണ്ടുവന്ന കൂട്ടുകെട്ട് പിറന്നത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെയ്ന്റിച്ച് ക്ലാസന്‍ 71(44) അഭിനവ് മനോഹര്‍ 43(37) സഖ്യം 99 റണ്‍സാണ് അടിച്ചെടുത്തത്. ഒമ്പത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് ക്ലാസന്റെ ഇന്നിംഗ്സ്. മനോഹര്‍ രണ്ട് ഫോറും മൂന്ന് സിക്സറും അടിച്ചു. പാറ്റ് കമ്മിന്‍സ് ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. മുംബയ്ക്കായ് ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാര്‍ രണ്ട് വിക്കറ്റുകളും ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Tags:    

Similar News