അവസരം കിട്ടിയാല്‍ അടുത്തവര്‍ഷം ഐപിഎല്‍ കളിക്കും; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കവേ മുന്‍ പാക് പേസര്‍ പറയുന്നു

അവസരം കിട്ടിയാല്‍ അടുത്തവര്‍ഷം ഐപിഎല്‍ കളിക്കും

Update: 2025-04-24 13:17 GMT

കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കവേ പ്രതികരണവുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍. അവസരം കിട്ടിയാല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍ പറഞ്ഞു.

ഐപിഎല്‍ ലേലത്തിലാണ് ആദ്യം വിളിക്കുന്നതെങ്കില്‍ അവിടെ കളിക്കും. മറിച്ച് പിഎസ്എല്‍ ഡ്രാഫ്റ്റിലാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിഎസ്എല്ലില്‍ കളിക്കുമെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേഴ്സ് താരമാണ് ആമിര്‍. 'സത്യസന്ധമായി പറഞ്ഞാല്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ഐപിഎല്ലില്‍ കളിക്കും. എന്നാല്‍ അവസരം കിട്ടാതെ വന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തന്നെ തുടരും. അടുത്തവര്‍ഷം ഐപിഎല്ലില്‍ അവസരം കിട്ടിയേക്കും. അങ്ങനെ വന്നാല്‍ ഐപിഎല്ലില്‍ കളിക്കും.'- ആമിര്‍ പറഞ്ഞു.

'അടുത്ത വര്‍ഷം ഐപിഎല്ലും പിഎസ്എല്ലും ഒരുമിച്ച് വരുമെന്ന് തോന്നുന്നില്ല. ഈ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയുണ്ടായതാണ് അതിന് കാരണം. ആദ്യം പിഎസ്എല്ലിലാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ അതില്‍ നിന്ന് ഒഴിവാകാനാകില്ല, കാരണം വിലക്ക് വരും. ഐപിഎല്‍ ടീമിലാണ് ആദ്യമെത്തുന്നതെങ്കില്‍ അതില്‍ തുടരും. ഏത് ലീഗാണ് ആദ്യം തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമിത്.'- ആമിര്‍ പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ പാക് പേസര്‍ ഐപിഎല്ലില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാകിസ്താനുമായി പരമ്പര കളിക്കില്ലെന്ന് അടുത്തിടെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. അതായത് പാക് താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ അനുവദിക്കാനുള്ള സാധ്യത വളരെ വിരളവുമാണ്.

Tags:    

Similar News