വിശ്രമം വേണമെന്ന് കെ എല്‍ രാഹുല്‍; ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നും സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇടംപിടിക്കും? ആരാധകര്‍ പ്രതീക്ഷയില്‍
സഞ്ജു ആരാധകര്‍ പ്രതീക്ഷയില്‍
മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരം അടുത്ത മാസം നടക്കാനിരിക്കെ ക്രിക്കറ്റില്‍നിന്ന് ചെറിയ ഇടവേളയെടുക്കാന്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. 22നാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകളില്‍ തന്നെ പരിഗണിക്കരുതെന്ന് രാഹുല്‍, അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചതായാണു വിവരം. ഈ സാഹചര്യത്തില്‍ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്, ഏകദിന ടീമിലേക്കും വഴി തുറന്നേക്കും.
അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരകളിലും രാഹുലിന് വിശ്രമം അനുവദിച്ചാലും അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകുമെന്നാണ് ടീം മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ സഞ്ജു സാംസണും ഋഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്താനാണു സാധ്യത. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടീമിനെ തന്നെ ചാംപ്യന്‍സ് ട്രോഫിയിലും പരീക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ തയാറാണെന്നും രാഹുല്‍ സിലക്ടര്‍മാരെ അറിയിച്ചുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയും രാഹുല്‍ കളിക്കുന്നില്ല.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ കൈവിട്ട പരമ്പരയില്‍, കുറച്ചെങ്കിലും തിളങ്ങിയ താരങ്ങളില്‍ ഒരാള്‍ കെ.എല്‍. രാഹുലാണ്. 10 ഇന്നിങ്‌സുകളില്‍ 276 റണ്‍സെടുത്ത രാഹുല്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ്. രാഹുലിനു പുറമേ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരും ചാംപ്യന്‍സ് ട്രോഫി ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ബിസിസിഐയ്ക്കു മുന്നിലുണ്ട്. ട്വന്റി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ സിലക്ടര്‍മാര്‍ക്ക് അത്ര പെട്ടെന്ന് ഒഴിവാക്കാനും സാധിക്കില്ല.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി തിളങ്ങിയ രാഹുലിന് പിന്നീട് ആ മികവ് നിലിര്‍ത്താനായില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ രാഹുല്‍ തന്നെയായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലും രാഹുല്‍ തന്നെയാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്ന ആകാംക്ഷയും ഉയര്‍ന്നിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ വിട്ടുനിന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ടീമിലേക്ക് പരിഗണിക്കാനിടയുണ്ട്. ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാല്‍ ഋഷഭ് പന്തിനെ പിന്തള്ളി ചാമ്പ്യന്‍സ് ട്രോഫി ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്താനും കഴിയും.
കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ ശ്രീലങ്കക്കെതിരായ ഒരു ഏകദിനത്തില്‍ മാത്രമാണ് ഋഷഭ് പന്ത് കളിച്ചത്. ഇതില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിനങ്ങളില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്.