'സൂര്യകുമാര്‍ ഒരു 360 ഡിഗ്രി താരമാണ്; മത്സരത്തിന്റെ ഏതു സ്റ്റേജിലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന താരം; ഇന്ത്യന്‍ ടീമിന് നഷ്ടമായത് എക്സ് ഫാക്റ്റര്‍'; സൂര്യയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സുരേഷ് റെയ്‌ന

സൂര്യയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സുരേഷ് റെയ്‌ന

Update: 2025-01-20 12:09 GMT

ലഖ്നൗ: കാത്തിരിപ്പിനൊടുവില്‍ ബിസിസിഐ കഴിഞ്ഞ ദിവസമാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും മലയാളി താരം കരുണ്‍ നായര്‍ക്കും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണു പേസര്‍ മുഹമ്മദ് സിറാജിനും ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ചാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങളുമുണ്ടെന്നും അവരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്നാണ് മുന്‍താരം സുരേഷ് റെയ്ന പ്രതികരിച്ചത്.

ട്വന്റി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെ കുറിച്ചാണ് റെയ്ന സംസാരിക്കുന്നത്. സൂര്യയുടെ അഭാവം ഇന്ത്യക്ക് നഷ്ടമാക്കിയത് ഒരു എക്സ് ഫാക്റ്ററാണെന്നാണ് റെയ്നയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലോകകപ്പ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു സൂര്യ. കളിയുടെ ഏത് ഘട്ടത്തിലും ഓവറിന് 9 റണ്‍സ് എന്ന നിലയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. എതിര്‍വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കാനും ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് കഴിയും. സൂര്യ ഉണ്ടായിരുന്നെങ്കില്‍ ഒരു എക്‌സ് ഫാക്ടര്‍ ഇന്ത്യക്കുണ്ടാകുമായിരുന്നു. ഇന്ത്യ അവനെ മിസ് ചെയ്യും. ഫോമിലല്ലാത്ത ആദ്യ മൂന്ന് പേര്‍ക്കായിരിക്കും ഉത്തരവാദിത്തം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന ആളാണ് സൂര്യ.'' റെയ്‌ന പറഞ്ഞു.

ടീമിലെ എക്‌സ് ഫാക്ടര്‍ ആകാന്‍ സാധിക്കുന്ന താരമാണ് സൂര്യ. ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ സൂര്യയ്ക്ക് അറിയാം. സൂര്യയെ തീര്‍ച്ചയായും ടീം മിസ് ചെയ്യും' റെയ്‌ന പറഞ്ഞു. പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കിയ തീരുമാനം നിരാശപ്പെടുത്തിയെന്നും ജസ്പ്രീത് ബുമ്ര പരുക്കുമൂലം വിട്ടുനിന്നാല്‍ സിറാജ് തീര്‍ച്ചയായും ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റെയ്‌ന പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ജനുവരി 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സൂര്യയാണ്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പേസര്‍ മുഹമ്മദ് സിറാജിനും ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

Similar News