മുംബൈ മുന്‍നിരയെ വീഴ്ത്തി ഖലീല്‍ അഹമ്മദ്; മധ്യനിരയെ കറക്കിവീഴ്ത്തി നൂര്‍ അഹമ്മദും; പൊരുതിയത് തിലക് വര്‍മയും ദീപക് ചഹറും മാത്രം; ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം

Update: 2025-03-23 16:08 GMT

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് 'എല്‍ ക്ലാസിക്കോ' പോരാട്ടത്തില്‍ ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 31 റണ്‍സ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

ഒന്നാം ഇന്നിംഗ്‌സ് പവര്‍ പ്ലേയില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (0) റയാന്‍ റിക്കെല്‍ട്ടനും (13) വില്‍ ജാക്‌സും (11) തിളങ്ങനാകാതെ മടങ്ങിയതോടെ മുംബൈ അപകടം മണത്തു. പിന്നീട് ക്രീസില്‍ ഒന്നിച്ച നായകന്‍ സൂര്യകുമാര്‍ യാദവും യുവതാരം തിലക് വര്‍മ്മയും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ സൂര്യകുമാര്‍ യാദവ് നല്‍കിയ ഒരു റിട്ടേണ്‍ ക്യാച്ച് അശ്വിന്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഓപ്പണിംഗ് സ്‌പെല്‍ ഗംഭീരമാക്കിയ ഖലീല്‍ അഹമ്മദാണ് ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നല്‍കിയത്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ അപകടകാരിയായ രോഹിത് ശര്‍മ്മയെ റണ്‍സ് നേടും മുമ്പെ ഖലീല്‍ പുറത്താക്കി. മൂന്നാം ഓവറില്‍ റിയാന്‍ റിക്കെല്‍ട്ടനെയും മടക്കിയയച്ച് ഖലീല്‍ ആധിപത്യം ഉറപ്പിച്ചു. പിന്നീട് സ്പിന്നര്‍മാരെ ഇറക്കിയാണ് ചെന്നൈ പതിവ് പരീക്ഷണം നടത്തിയത്. ഇത് വിജയിക്കുകയും ചെയ്തു. രവിചന്ദ്രന്‍ അശ്വിനും നൂര്‍ അഹമ്മദും മുംബൈ ബാറ്റര്‍മാരെ വട്ടംകറക്കി.

നൂര്‍ അഹമ്മദിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ (29) മിന്നല്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കി മഹേന്ദ്ര സിംഗ് ധോണി പ്രായം തന്റെ പ്രതിഭയെ ബാധിച്ചിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. നിലയുറപ്പിച്ച് തുടങ്ങിയ തിലക് വര്‍മ്മയെയും (25 പന്തില്‍ 31) റോബിന്‍ മിന്‍സിനെയും നമാന്‍ ധിറിനെയും നൂര്‍ അഹമ്മദ് കൂടാരം കയറ്റി. വില്‍ ജാക്‌സിന്റെ വിക്കറ്റ് അശ്വിനാണ് വീഴ്ത്തിയത്. കൃത്യമായ ഇടവേളകളില്‍ മുംബൈയുടെ വിക്കറ്റുകള്‍ വീഴ്ത്താനായതോടെ ചെന്നൈ മത്സരം നിയന്ത്രണത്തിലാക്കി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ദീപക് ചഹറിന്റെ പ്രകടനമാണ് മുംബൈയ്ക്ക് പൊരുതാനാകുന്ന സ്‌കോര്‍ സമ്മാനിച്ചത്. 15 പന്തുകള്‍ നേരിട്ട ചഹര്‍ രണ്ട് സിക്‌സറുകളും രണ്ട് ബൌണ്ടറികളും സഹിതം 28 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Similar News