ചാമ്പ്യന്‍സ് ട്രോഫിയിലും ന്യൂസീലന്‍ഡ് പര്യടനത്തിലും പാക്കിസ്ഥാന്‍ തകര്‍ന്നടിയാന്‍ കാരണം ഐപിഎല്‍; ബിസിസിഐയെ കുറ്റപ്പെടുത്തി വിചിത്രവാദവുമായി റഷീദ് ലത്തീഫ്

ബിസിസിഐയെ കുറ്റപ്പെടുത്തി വിചിത്രവാദവുമായി റഷീദ് ലത്തീഫ്

Update: 2025-04-08 12:30 GMT

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ മോശം പ്രകടനത്തിന് കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന വിചിത്രവാദവുമായി മുന്‍ പാക്കിസ്ഥാന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായിരുന്ന റഷീദ് ലത്തീഫ്. പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയിലും അതിനുശേഷം ന്യൂസീലന്‍ഡ് പര്യടനത്തിലും പാക്കിസ്ഥാന്‍ തകര്‍ന്നടിയാന്‍ കാരണം, പാക്ക് താരങ്ങളെ ഐപിഎലില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐയുടെ നിലപാടാണെന്ന് റഷീദ് ലത്തീഫ് വിമര്‍ശിച്ചു. മറ്റ് വിദേശതാരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായി ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിച്ച് മികവ് നേടുമ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നുവെന്നാണ് റഷീദ് ലത്തീഫിന്റെ ആരോപണം.

അത്യാധുനിക സൗകര്യങ്ങളുടെ അകമ്പടിയോടെ രണ്ടു മാസം ഇന്ത്യയില്‍ ഐപിഎലിന്റെ ഭാഗമാകുന്നത് മറ്റു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളുടെ പ്രകടനത്തെ വളരെയധികം സഹായിക്കുന്നുണ്ടെന്ന് റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി. ''ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റു രാജ്യങ്ങളെ നോക്കൂ. ഈ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ഐപിഎലിനായി വന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കുന്നു. പാറ്റ് കമിന്‍സ്, ജോഫ്ര ആര്‍ച്ചര്‍, കഗീസോ റബാദ തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍മാരെയാണ് ഐപിഎലില്‍ നേരിടേണ്ടത്. അവിടെ മത്സരം കടുത്തതാണ്. അത്യാധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ ലോകോത്തര താരങ്ങളെ നേരിടാനുള്ള അവസരമാണ് ഐപിഎല്‍ ഒരുക്കുന്നത്' റഷീദ് ലത്തീഫ് പറഞ്ഞു.

''ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്ഞ ആദ്യം ഓര്‍ക്കുക മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ ടീമുകളെയാണ്. കാരണം, അവിടെയുള്ളത് ലോകോത്തര സൗകര്യങ്ങളാണ്. ആ ടീമുകള്‍ വിട്ടുപോകാന്‍ കളിക്കാര്‍ മടിക്കും. അതുപോലെയാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗായ ഐപിഎലും. മറ്റു രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്നതിനേക്കാള്‍ സൗകര്യങ്ങളാണ് ഐപിഎല്‍ ഒരുക്കുന്നത്' റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ താരങ്ങളെ ഐപിഎലില്‍ കളിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. അന്നു മുതല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഐപിഎലില്‍ കളിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഐപിഎലിന്റെ പ്രഥമ സീസണില്‍ മാത്രമാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുള്ളത്. ഷാഹിദ് അഫ്രീദി, ശുഐബ് അക്തര്‍, കമ്രാന്‍ അക്മല്‍, ശുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, യൂനിസ് ഖാന്‍ തുടങ്ങിയവര്‍ ആദ്യ സീസണില്‍ കളിച്ചിരുന്നു. 11 മത്സരങ്ങളില്‍നിന്ന് 22 വിക്കറ്റുമായി പ്രഥമ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയത് പാക്ക് താരമായ സുഹൈല്‍ തന്‍വീറായിരുന്നു.

അഫ്ഗാനിസ്ഥാനേപ്പോലെ ഒരുകാലത്ത് ക്രിക്കറ്റിലെ ചെറുകിട രാജ്യമായിരുന്നവര്‍ക്കു പോലും ഐപിഎല്‍ വലിയ തോതില്‍ ഗുണം ചെയ്തതായി ലത്തീഫ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളേപ്പോലും തോല്‍പ്പിക്കാന്‍ അവര്‍ക്കായി. ഇന്ത്യയില്‍വന്ന് പരിശീലിക്കാനായി ഗ്രേറ്റര്‍ നോയിഡയില്‍ ബിസിസിഐ അവര്‍ക്ക് സ്റ്റേഡിയം പോലും നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

''രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയ്ക്കു പോലും ഐപിഎല്‍ ഒരു കാരണമാണ്. റാഷിദ് ഖാനു പിന്നാലെ നൂര്‍ അഹമ്മദ്, അസ്മത്തുല്ല ഒമര്‍സായ്, ഫസല്‍ഹഖ് ഫാറൂഖി തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഫ്ഗാനില്‍നിന്ന് ഐപിഎലില്‍ കളിക്കാനെത്തുന്നത്' റഷീദ് ലത്തീഫ് പറയുന്നു.

പാക്കിസ്ഥന്‍ ക്യാപ്റ്റന്‍ വസീം അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നപ്പോള്‍ മറ്റൊരു മുന്‍ ക്യാപ്റ്റന്‍ റമീസ് റാസ കുറച്ച് വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ കമന്ററി ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് ക്രിക്കറ്റിനെയും ബാധിച്ചത്. ഇരുടീമുകളും തമ്മിലുള്ള പരമ്പരകള്‍ പൂര്‍ണമായി റദ്ദാക്കപ്പെടുകയും ഐപിഎല്ലില്‍ കളിക്കുന്നതിനു പാക്ക് കളിക്കാരെ വിലക്കുകയുമായിരുന്നു. ഇതോടെയാണ് ടൂര്‍മെന്റില്‍ വനിന്നും പാക്കിസ്ഥാന്‍ താരങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷരായത്. ഐപിഎല്ലില്‍ പാക്ക് താരങ്ങള്‍ക്കുമേലുള്ള വിലക്ക് ഇനി എപ്പോഴെങ്കിലും അവസാനിക്കുമോയെന്നതും കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

Tags:    

Similar News