ഒത്തുകളി ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചേക്കാം; ഹൈദരാബാദില്‍ നിന്നുള്ള വ്യവസായിയെ സൂക്ഷിക്കുക; ഐപിഎല്‍ ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കുമടക്കം മുന്നറിയിപ്പുമായി ബിസിസിഐ
ഐപിഎല്‍ ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കുമടക്കം മുന്നറിയിപ്പുമായി ബിസിസിഐ
മുംബൈ: വാതുവയ്പുകാര്‍ എല്ലാവിധ മാര്‍ഗങ്ങളും പയറ്റുന്ന സാഹചര്യത്തില്‍, കനത്ത ജാഗ്രത വേണമെന്ന് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കുമടക്കം മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായി, ഐപിഎല്‍ ടീമുകളുമായും താരങ്ങളുമായും ബന്ധപ്പെടുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
ഒത്തുകളി ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഇയാള്‍ പ്രേരിപ്പിച്ചേക്കാമെന്ന്, ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കമന്റേറ്റര്‍മാര്‍ക്കും ബിസിസിഐ മുന്നറിയിപ്പു നല്‍കി. ഐപിഎലുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി സൗഹൃദം നടിച്ച് വലയിലാക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഊര്‍ജിത ശ്രമം നടക്കുന്നതായാണ് മുന്നറിയിപ്പ്.
വാതുവയ്പ് സംഘങ്ങളുമായി ബന്ധമുള്ള ഹൈദരാബാദില്‍ നിന്നുള്ള ഒരു വ്യവസായി, ഐപിഎലുമായി ബന്ധപ്പെട്ട ആളുകളുമായി സൗഹൃദം നടിച്ച് അടുത്തുകൂടാന്‍ ശ്രമിക്കുന്നതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന് നേരത്തേ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ്.
ഇയാളുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരും സൗഹൃദം സ്ഥാപിച്ചവരും അക്കാര്യം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഴിമതി വിരുദ്ധ യൂണിറ്റ് നിര്‍ദ്ദേശം നല്‍കി. വാതുവയ്പുകാര്‍ എല്ലാവിധ മാര്‍ഗങ്ങളും പയറ്റുന്ന സാഹചര്യത്തില്‍, കനത്ത ജാഗ്രത വേണമെന്നും കളിക്കാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ കോണുകളില്‍നിന്ന് ആരെങ്കിലും സമീപിച്ചാല്‍ അക്കാര്യം എത്രയും വേഗം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ ഐപിഎലില്‍ 'നുഴഞ്ഞുകയറാന്‍' ശ്രമിക്കുന്നതെന്നാണ് സൂചന. കടുത്ത ക്രിക്കറ്റ് ആരാധകനെന്ന ലേബലിലാണ് ഇയാള്‍ കളിക്കാരുമായും ടീം അധികൃതരുമായും ബന്ധപ്പെടുന്നത്. ടീം ഹോട്ടലുകളിലും മത്സരവേദികളിലും ഇയാളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കളിക്കാരുമായി ചങ്ങാത്തം കൂടി അവരെ വലയിലാക്കാനാണ് ശ്രമമെന്നാണ് സൂചന. ടീം അംഗങ്ങള്‍ക്കു പുറമേ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇയാള്‍ വിലയേറിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.