'ഒരു മത്സരത്തില്‍ അവസരം കിട്ടാന്‍ കരുണ്‍ കൊതിച്ചിരുന്നു; എന്ന് അവസരം കിട്ടുമെന്ന് ചോദിച്ച് എന്റെ പുറകെ നടന്നു ശല്യപ്പെടുത്തി; ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു'; കരുണ്‍ നായര്‍ക്ക് അവസരം നല്‍കിയതിനെക്കുറിച്ച് ഹേമങ് ബദാനി; മലയാളിപ്പോരില്‍ മുന്നിലെത്തുക സഞ്ജുവോ കരുണോ? ആരാധകര്‍ പ്രതീക്ഷയില്‍

കരുണ്‍ നായര്‍ ടീമിലെത്തിയതിനെ കുറിച്ച് ഹേമങ് ബദാനി

Update: 2025-04-16 13:13 GMT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മൂന്നു വര്‍ഷത്തിനു ശേഷം ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ഡല്‍ഹി കാപ്പിറ്റല്‍സ് താരം കരുണ്‍ നായരാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇംപാക്റ്റ് പ്ലെയറായി എത്തിയ കരുണ്‍ 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 12 ബൗണ്ടറിയും അടക്കം 89 റണ്‍സെടുത്തിരുന്നു. പക്ഷേ മത്സരം ഡല്‍ഹി 12 റണ്‍സിന് തോറ്റു.

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സ് പോരാട്ടത്തിന് ഇറങ്ങുമ്പോഴും രണ്ട് മലയാളി താരങ്ങള്‍ മുഖാമുഖം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. റോയല്‍സിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയില്‍ ശ്രദ്ധേയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നലാട്ടം നടത്തിയ മലയാളി കരുണ്‍ നായരാണ്.

അതേസമയം ആഭ്യന്തര സീസണില്‍ മിന്നും ഫോമിലായിരുന്ന കരുണ്‍ ഒടുവില്‍ ഡല്‍ഹി നിരയില്‍ ഇംപാക്റ്റ് പ്ലെയറായി എത്തിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡല്‍ഹി പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ഹേമങ് ബദാനി. ഇത്തവണത്തെ ആഭ്യന്തര സീസണില്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി കരുണ്‍ ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കരുണ്‍ ഒരു മത്സരത്തില്‍ അവസരം കിട്ടാന്‍ കൊതിച്ചിരുന്നുവെന്നും എന്ന് അവസരം കിട്ടുമെന്ന് ചോദിച്ച് തന്റെ പുറകെ നടക്കുകയും തന്നെ ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും ബദാനി വ്യക്തമാക്കി.

''ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐപിഎല്‍ കളിച്ചിട്ടില്ല. ടീമില്‍ ഒരു അവസരത്തിനായി താരം കൊതിച്ചുകൊണ്ടിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. അവന്‍ എന്നെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. എനിക്ക് എപ്പോഴാണ് ഒരു മത്സരം ലഭിക്കുക, ഈ മത്സരത്തില്‍ അവസരം കിട്ടുമോ എന്നൊക്കെ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും. നെറ്റ്സില്‍ പോലും കുറച്ചു സമയം കൂടി കളിക്കാന്‍ സാധിക്കുമോ എന്നുപോലും ചോദിച്ചുകൊണ്ടിരിക്കും.'' - ബദാനി പറഞ്ഞു.

ഇക്കഴിഞ്ഞ സീസണില്‍ വിദര്‍ഭയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത കരുണ്‍ എല്ലാ ഫോര്‍മാറ്റിലുമായി 1870 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഒരു ഓവറില്‍ രണ്ടു തവണ സിക്സറിന് പറത്തിയ ബാറ്റര്‍മാര്‍ അധികമൊന്നുമില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബുംറയെ രണ്ടു തവണ കരുണ്‍ അതിര്‍ത്തി കടത്തി. ബുംറയെറിഞ്ഞ ആറാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് കരുണ്‍ നേടിയത്.

ഐപിഎലില്‍ ബുംറയ്‌ക്കെതിരേ ഒരു ഓവറില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. നേരത്തേ പാറ്റ് കമിന്‍സ് 26 റണ്‍സും (2022) ബ്രാവോ 20 റണ്‍സും (2018) നേടിയിരുന്നു. ഒരു ഐപിഎലില്‍ ബുംറയ്‌ക്കെതിരേ ഒരിന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്‌കോറും കരുണിന്റെ പേരിലായി. ഒന്‍പത് പന്തില്‍ 26 റണ്‍സാണ് കരുണ്‍ നേടിയത്. 16 പന്തില്‍ 27 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഒന്നാമത്.

മലയാളി പോരാട്ടം

ഐപിഎല്‍ പതിനെട്ടാം സീസണില്‍ ടീമിന്റെ ഏഴാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ ഏറ്റവും സമ്മര്‍ദം ക്യാപ്റ്റന്‍ സഞ്ജു സാംസണിനായിരിക്കും. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. സ്‌ട്രൈക്ക് റേറ്റ് 79നടുത്തേയുള്ളൂ. സ്പിന്നര്‍മാരെ നേരിടാന്‍ പ്രയാസപ്പെടുന്നു എന്ന വിമര്‍ശനം ഏറെക്കാലമായി നേരിടുന്ന സഞ്ജു കഴിഞ്ഞ മത്സരത്തിലും ക്രുനാല്‍ പാണ്ഡ്യയുടെ പന്തിലാണ് പുറത്തായത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അക്രമണോത്സുകത കാട്ടാനും സഞ്ജുവിനാകുന്നില്ല. പേസര്‍മാര്‍ക്കെതിരെയും ആദ്യ ഓവറുകളില്‍ സഞ്ജുവിന്റെ ബാറ്റ് വിറയ്ക്കുന്നു. സീസണിലെ ആറ് കളികളില്‍ സഞ്ജുവിന് 193 റണ്‍സേ ആയിട്ടുള്ളൂ. സീസണിലെ റണ്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ ആദ്യ 15ല്‍ പോലുമില്ല. സീസണില്‍ അര്‍ധസെഞ്ചുറി നേടിയത് ഒറ്റത്തവണ മാത്രം. അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലും സഞ്ജുവിന് ആദ്യ പതിനഞ്ചിലും സ്ഥാനമില്ലാത്ത അവസ്ഥയിലാണ്.

മറുവശത്ത് കട്ട ആത്മവിശ്വാസത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ കരുണ്‍ നായര്‍ കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇംപാക്ട് സബ്ബായി മൈതാനത്തിറങ്ങിയ കരുണ്‍ 40 പന്തുകളില്‍ 89 റണ്‍സടിച്ച് കയ്യടി വാങ്ങിയിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രയെയാണ് കരുണ്‍ ഏറ്റവുമധികം പ്രഹരിച്ചത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബുമ്രയെ രണ്ട് സിക്സിനും ഒരു ഫോറിനും പറത്തി 18 റണ്‍സുമായി കരുണ്‍ നായര്‍ ഫിഫ്റ്റിയിലെത്തി. 22 പന്തിലായിരുന്നു ഡല്‍ഹിയുടെ മറുനാടന്‍ മലയാളി താരത്തിന്റെ അര്‍ധസെഞ്ചുറി. മത്സരത്തില്‍ കരുണിന്റെ ബാറ്റില്‍ നിന്ന് 12 ഫോറും അഞ്ച് സിക്സറുകളും അതിര്‍ത്തിയിലേക്ക് പറന്നു. ബുമ്രക്ക് പുറമെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കരുണിന്റെ പ്രഹരശേഷി അറിഞ്ഞു.

ഐപിഎല്ലില്‍ നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ട് ദിവസം മുമ്പ് കരുണ്‍ നായര്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ലീഗില്‍ കരണ്‍ ഒരു ഫിഫ്റ്റി കണ്ടെത്തുന്നതും. കരുണിന്റെ മികവിന് ബുമ്രക്കെതിരെ ഡീപ് ബാക്ക്വേഡ് സ്‌ക്വയര്‍ ലെഗിലൂടെ നേടിയ ഫ്‌ലിക് സിക്സര്‍ മാത്രം മതി അടയാളമായി. അതേസമയം സഞ്ജു ഷോട്ട് സെലക്ഷനില്‍ എത്ര പെര്‍ഫെക്ട് അല്ല നിലവില്‍. സഞ്ജു സാംസണും കരുണ്‍ നായരും ക്രിക്കറ്റില്‍ സുഹൃത്തുക്കളാണ്, ഏറെക്കാലത്തെ പരിചയമുള്ളവര്‍. ഇരു ഐപിഎല്‍ ടീമുകളിലായി ഇന്ന് കളത്തിലെത്തുമ്പോള്‍ ആരാവും മികവിലേക്കുയരുക. ഫോം വീണ്ടെടുക്കാനിരിക്കുന്ന സഞ്ജുവോ, ഫോം തുടരാനിറങ്ങുന്ന കരുണ്‍ നായരോ. ആരാധകര്‍ പ്രതീക്ഷയിലാണ്.

Tags:    

Similar News