ചിന്നസ്വാമിയില്‍ നാണംകെടുത്തിയ പഞ്ചാബിനെ മുല്ലാന്‍പൂരിലെത്തി കീഴടക്കി പ്രതികാരം; അര്‍ധ സെഞ്ചുറിയുമായി കോലിയും പടിക്കലും; ഏഴ് വിക്കറ്റ് ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഏഴ് വിക്കറ്റ് ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമത്

Update: 2025-04-20 13:50 GMT

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ നാണംകെട്ട തോല്‍വിക്ക് പഞ്ചാബ് കിംഗ്സിനോട് മുല്ലാന്‍പൂരില്‍ പകരം വീട്ടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ചാം ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അത്രതന്നെ വിജയമുള്ള പഞ്ചാബ് നാലാം സ്ഥാനത്താണ്. വിരാട് കോലി (54 പന്തില്‍ പുറത്താവാതെ 73), ദേവ്ദത്ത് പടിക്കല്‍ (35 പന്തില്‍ 61) എന്നിവരാണ് ആര്‍സിബിയുടെ വിജയശില്‍പ്പികള്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി 33 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിന്നസ്വാമിയില്‍ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനായിരുന്നു ജയം.

പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരുവിന് ആദ്യ ഓവറില്‍ തന്നെ ഫിലിപ് സാള്‍ട്ടിനെ നഷ്ടമായി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ അര്‍ഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിരാട് കോലിയും ദേവ്ദത്ത് പടിക്കലും സ്‌കോറുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ബെംഗളൂരു സ്‌കോര്‍ 100 കടന്നു. ആര്‍സിബി ശക്തമായ നിലയില്‍ നില്‍ക്കേ പടിക്കലിനെ പുറത്താക്കി പഞ്ചാബ് തിരിച്ചടിച്ചു. 35 പന്തില്‍ നിന്ന് 61 റണ്‍സെടുത്താണ് പടിക്കല്‍ മടങ്ങിയത്.

ഇരുവരും 103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ആര്‍സിബിയുടെ വിജയത്തിന് ഇന്ധനമായതും. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ദേവ്ദത്തിനെ ഹര്‍പ്രീത് ബ്രാര്‍ മടക്കുകയായിരുന്നു. 35 പന്തുകള്‍ മാത്രം നേരിട്ട ദേവ്ദത്ത് നാല് സിക്സും അഞ്ച് ഫോറും നേടി.

പടിക്കല്‍ പുറത്തായതിന് പിന്നാലെ കോലി അര്‍ധസെഞ്ചുറി തികച്ചു. 54 പന്തുകള്‍ കളിച്ച കോലി ഒരു സിക്സും ഏഴ് ഫോറും നേടി. ഐപിഎല്ലിലെ താരത്തിന്റെ 59-ാം അര്‍ധസെഞ്ചുറിയാണിത്. ലീഗില്‍ എട്ട് സെഞ്ചുറികള്‍ നേടിയ താരം 67 തവണയാണ് അമ്പതോ അതിലധികമോ സ്‌കോര്‍ നേടുന്നത്. 66 തവണ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറിന്റെ റെക്കോഡും കോലി പഴങ്കഥയാക്കി. നായകന്‍ രജത് പാട്ടിദാര്‍(12) വേഗം മടങ്ങിയെങ്കിലും ജിതേഷ് ശര്‍മയും(11) കോലിയും ടീമിനെ ജയത്തിലെത്തിച്ചു. 54 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത കോലി പുറത്താവാതെ നിന്നു.

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) പ്രഭ്സിമ്രാന്‍ സഖ്യം 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പ്രിയാന്‍ഷിന് അധികദൂരം മുന്നോട്ടുപോവാനായില്ല. പ്രിയാന്‍ഷിനെ ക്രുനാല്‍ പാണ്ഡ്യ, ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. വൈകാതെ പ്രഭ്സിമ്രാനെ മടക്കാനും ക്രുനാലിന് സാധിച്ചു. ഇത്തവണയും ഡേവിഡിന് ക്യാച്ച്. ശ്രേയസ് അയ്യരെ (6) റൊമാരിയോ ഷെപ്പേര്‍് പുറത്താക്കുകയും നെഹല്‍ വധേര (5) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബിന് നാലിന് 76 എന്ന നിലയിലായി. പിന്നീട് ജോഷ് ഇന്‍ഗ്ലിസ് (27) ശശാങ്ക് സിംഗ് (33 പന്തില്‍ 31) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ഇന്‍ഗ്ലിസിനെ ബൗള്‍ഡാക്കി സുയഷ് ബ്രേക്ക് ത്രൂ നല്‍കി.

അതേ ഓവറില്‍ മാര്‍കസ് സ്റ്റോയിനിസും (1) ബൗള്‍ഡായി. മാര്‍കോ ജാന്‍സന്‍ (20 പന്തില്‍ 25) ശശാങ്ക് സഖ്യമാണ് പഞ്ചാബിനെ 150 കടത്താന്‍ സഹായിച്ചത്. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങിയത്. ആര്‍സിബി ഒരു മാറ്റം വരുത്തിയിരുന്നു. ലിയാം ലിവിംഗ്സ്റ്റണ് പകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Tags:    

Similar News