'പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കില്ല; ഇന്ത്യയില്‍ കളിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല; മറ്റൊരു ഏഷ്യന്‍ വേദിയില്‍ ഇറങ്ങും'; ബിസിസിഐ നിലപാട് കടുപ്പിക്കുന്നതിനിടെ പ്രതികരണവുമായി പാക്ക് വനിതാ താരം
ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നില്ല
ലഹോര്‍: ഐസിസി മത്സരങ്ങളിലടക്കം പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കില്ലെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം. മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ വ്യക്തമാക്കിയത്. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നെങ്കിലും, ഏഷ്യയിലെ മറ്റേതെങ്കിലും വേദിയില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം കളിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
''പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കില്ല. പക്ഷേ ഏഷ്യയിലെ മറ്റെവിടെയെങ്കിലുമാകും പാക്കിസ്ഥാന്റെ മത്സരങ്ങള്‍. അതു വ്യക്തമാണ്. ഇന്ത്യയില്‍ കളിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല.'' ഗുല്‍ ഫെറോസ ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.
''ശ്രീലങ്കയിലോ, ദുബായിലോ കളിക്കാന്‍ സാധിക്കുമെന്നാണു ടീം പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്റെ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ തന്നെയായിരുന്നു. അതിന് അനുസരിച്ചാണ് പിച്ചുകള്‍ തയാറാക്കിയത്. ലോകകപ്പ് എവിടെ കളിച്ചാലും പാക്കിസ്ഥാനിലേതുപോലുള്ള ഗ്രൗണ്ടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ തയാറെടുപ്പുകളും അതിന് അനുസരിച്ചാകും.'' പാക്ക് വനിതാ ക്രിക്കറ്റ് താരം വ്യക്തമാക്കി.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. പാക്കിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടിയതോടെ, മത്സരത്തിനായി ഇന്ത്യയ്ക്കു പുറത്തുള്ള വേദി ബിസിസിഐ കണ്ടെത്തേണ്ടിവരും. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണു നടത്തിയത്. പാക്കിസ്ഥാനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ബിസിസിഐ കടുംപിടിത്തം തുടര്‍ന്നതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വഴങ്ങിയത്.
എന്നാല്‍ ഇന്ത്യ ആതിഥേയരാകുന്ന ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്ന പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യവും അംഗീകരിക്കേണ്ടിവന്നു. നിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ കളിക്കാന്‍ ടീമിനെ അയക്കില്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇത് അംഗീകരിച്ചാണ് വനിതാ ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം മറ്റൊരു വേദിയിലേക്കു മാറ്റുന്നത്.