സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം; പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; തോറ്റ് തോറ്റ് മടുത്തതോടെ സണ്‍റൈസേഴ്‌സ് ടീമിനെ 'ഉത്തേജിപ്പിക്കാന്‍' പുതിയ തന്ത്രം; ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍

സണ്‍റൈസേഴ്‌സ് ടീമിനെ മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍

Update: 2025-04-29 10:20 GMT

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ പലപ്പോഴും സ്‌ക്രീനില്‍ തെളിയുന്ന മുഖമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമയായ കാവ്യ മാരന്റേത്. സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ കാവ്യ മാരന്‍ ട്രെന്റിങ് ആയിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ തന്റെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുമ്പോഴാണ് കാവ്യയെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാറുള്ളത്. തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ എത്താറുള്ള കാവ്യ, ടീം മോശം പ്രകടനമാണ് നടത്തുന്നതെങ്കില്‍ ദേഷ്യത്തോടെയും പെരുമാറാറുണ്ട്. എന്നാല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ടീം മോശം പ്രകടനം തുടരുമ്പോള്‍ ടീം അംഗങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ടീം ഉടമയായ കാവ്യ മാരന്‍ സ്വീകരിച്ച നടപടികളാണ് ശ്രദ്ധേയമാകുന്നത്.

ഐപിഎല്‍ പതിനെട്ടാം സീസണിന്റെ ആദ്യ പകുതി പിന്നിട്ടിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനാകാതെ ഉഴറുന്നതിനിടെ, ടീമിനെ ശക്തിപ്പെടുത്താന്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് ടീം ഉടമ കാവ്യ മാരന്‍. സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങള്‍ക്കിടെ ഒരാഴ്ചത്തെ ഇടവേള വന്നതോടെ, ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. ഏപ്രില്‍ 25ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിനു പിന്നാലെയാണ് ടീം ഇന്ത്യ വിട്ടത്. ഇനി മേയ് രണ്ടിനു മാത്രമേ സണ്‍റൈസഴ്‌സിനു മത്സരമുള്ളൂ. അതിനു മുന്നോടിയായി ടീം തിരിച്ചെത്തും.

ഈ സീസണില്‍ ഇതുവരെ ഒന്‍പതു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസഴ്‌സിന്, മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ആറു മത്സരങ്ങളും തോറ്റ ടീം ആറു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. പിന്നിലുള്ളത് ഒന്‍പതില്‍ ഏഴു മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം. ഈ സീസണില്‍ ഐപിഎലിലെ ഏക വിദേശ ക്യാപ്റ്റനായ പാറ്റ് കമിന്‍സിന്റെ കീഴില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ച ടീമാണ്, ലീഗ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ തുടര്‍ തോല്‍വികളുമായി ഒന്‍പതാം സ്ഥാനത്തേക്ക് പതിച്ചത്. വമ്പന്‍ താരനിരയെ അണിനിരത്തിയിട്ടും ടീമിന്റെ ഒത്തൊരുമയില്ലായ്മയാണ് തുടര്‍ തോല്‍വിക്ക് ഇടയാക്കുന്നത്.

ഐപിഎല്‍ സീസണിനിടെ ടീമംഗങ്ങളെ ഒന്നടങ്കം വിദേശത്ത് അവധിയാഘോഷത്തിന് അയയ്ക്കുന്ന ആദ്യ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാലദ്വീപിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സണ്‍റൈസേഴ്‌സിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും വിവിധ താരങ്ങളുടെ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. താരങ്ങളുടെ ഭാര്യമാരും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും മാലദ്വീപിലുണ്ട്. മാലദ്വീപില്‍ ബീച്ച് വോളിബോള്‍ കളിക്കുന്ന ടീമംഗങ്ങളുടെ ദൃശ്യങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. സണ്‍റൈസേഴ്‌സിന്റെ മിന്നും താരങ്ങളായ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ബീച്ച് വോളിബോള്‍ കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

മേയ് രണ്ടിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഇനി സണ്‍റൈസേഴ്‌സിന്റെ മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. തുടര്‍ന്ന് മേയ് അഞ്ചിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും മേയ് 10ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയും സ്വന്തം തട്ടകമായ ഹൈദരാബാദിലും മേയ് 13ന് ആര്‍സിബിക്കെതിരെ അവരുടെ തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും മേയ് 18ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അവരുടെ തട്ടകമായ ലക്‌നൗ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലുമാണ് സണ്‍റൈസേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

Tags:    

Similar News