'വിരമിച്ചത് സിംഹവീര്യമുള്ള മനുഷ്യന്‍; ഞങ്ങള്‍ നിന്നെ മിസ് ചെയ്യും'; വിരാട് കോലിയുടെ വിരമിക്കലില്‍ പ്രതികരിച്ച് ഗംഭീര്‍; വിരമിക്കല്‍ കുറിപ്പിലെ 269 എന്ന 'കോഡ് നമ്പര്‍' എന്തെന്ന് തിരഞ്ഞ് ആരാധകര്‍; ഒടുവില്‍ ഉത്തരം കണ്ടെത്തി

വിരാട് കോലിയുടെ വിരമിക്കലില്‍ പ്രതികരിച്ച് ഗംഭീര്‍

Update: 2025-05-12 10:17 GMT

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് സൂപ്പര്‍ താരം വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. വിരാട് കോലിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിംഹവീര്യമുള്ള മനുഷ്യനായിരുന്നു വിരാട് കോലിയെന്ന് പറഞ്ഞ ഗംഭീര്‍ ഞങ്ങള്‍ നിന്നെ മിസ് ചെയ്യുമെന്നും ഗംഭീര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായും വിരാട് കോലിയുടെ വിരമിക്കലിനോട് പ്രതികരിച്ചു. അനുപമമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍ വിരാട് കോലി, ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചാകാലത്തും ക്രിക്കറ്റിന്റെ പരിശുദ്ധരൂപത്തില്‍ ചാമ്പ്യനായി തുടര്‍ന്നതിന്, അസാധാരണ അച്ചടക്കവും അര്‍പ്പണബോധവും അതിനാവശ്യാണ്. ലോര്‍ഡ്‌സില്‍ നിങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം ഉണ്ട്. ഹൃദയംകൊണ്ടും നിശ്ചയദാര്‍ഢ്യത്തോടെയും അഭിമാനത്തോടെയുമാണ് നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതെന്ന് ജയ് ഷാ കുറിച്ചു.

വിരാട്, നമ്മള്‍ ആ കാലഘട്ടം ഒരുമിച്ച് പങ്കിട്ടു, ഒരുമിച്ച് പ്രതിസന്ധികളെ നേരിട്ടു, ടെസ്റ്റ് ക്രിക്കറ്റിന്റെ നീണ്ട ദിനങ്ങള്‍ അഭിമാനത്തോടെ ജീവിച്ചു. വെള്ള വസ്ത്രത്തില്‍ നിങ്ങളുടെ ബാറ്റിംഗ് എക്കാലത്തും സവിശേഷമാണ് - കണക്കുകളില്‍ മാത്രമല്ല, സമീപനത്തിലും സമര്‍പ്പണത്തിലും പ്രചോദനത്തിലും. എല്ലാവിധ ആശംസകളുമെന്നായിരുന്നും ഹര്‍ഭജന്റെ കുറിപ്പ്.

മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ചു. അഭിനന്ദനങ്ങള്‍ വിരാട് അസാമാന്യമായൊരു ടെസ്റ്റ് കരിയറിന്. നിങ്ങളെ ആകണ്ടപ്പോള്‍ തന്നെ സ്‌പെഷ്യലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനോട് നിങ്ങള്‍ പുലര്‍ത്തിയ ആവേശവും അര്‍പ്പണവും കാണാന്‍ തന്നെ എന്തൊരു സന്തോഷമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ വലിയ അംബാസഡാറായിരുന്നു താങ്കളെന്നും സെവാഗ് കുറിച്ചു.

ഒന്നര പതിറ്റാണ്ടോളം നീളുന്ന ടെസ്റ്റ് കരിയറിന് വിരാമമിടുന്നതായി വിരാട് കോലി അറിയിച്ചത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെ. ഇന്ന് 11.45ഓടെ ഇന്‍സ്റ്റഗ്രാമിലാണ് വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപനം ഉള്‍പ്പെടുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. ബുദ്ധിമുട്ടേറിയതെങ്കിലും, കൃത്യമായ തീരുമാനം എന്ന മുഖവരോടെയാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു പുഞ്ചിരിയോടെ മാത്രമേ ടെസ്റ്റ് കരിയറിലേക്ക് പിന്തിരിഞ്ഞുനോക്കൂ എന്നെഴുതിയ കോലി, 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് വ്യക്തമാക്കിയാണ് കളമൊഴിയുന്നത്.

വിരമിക്കല്‍ കുറിപ്പിന്റെ അവസാനം വിരാട് കോലി ഹാഷ്ടാഗാക്കിയ '269' എന്ന നമ്പര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. വിരമിക്കല്‍ കുറിപ്പിലെ ഈ 'കോഡ് നമ്പര്‍' എന്താണെന്നായിരുന്നു അന്വേഷണം. ഒടുവില്‍ ആരാധകര്‍ അതു കണ്ടെത്തുകയും ചെയ്തു. വിരാട് കോലിയുടെ 'ക്യാപ് നമ്പറാ'ണ് 269. അതായത്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്ന താരങ്ങള്‍ക്ക് ഒരു ക്രമനമ്പറുണ്ടാകും. കോലിയുടെ ക്രമനമ്പറാണ് 269. കോലിക്കു മുന്‍പ് വിരമിച്ച രോഹിത് ശര്‍മയുടെ ക്യാപ് നമ്പര്‍ 280 ആയിരുന്നു. അതായത് കോലി അരങ്ങേറിയ ശേഷം പതിനൊന്നാമനായാണ് രോഹിത് ടെസ്റ്റില്‍ അരങ്ങേറിയതെന്ന് സാരം.

2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.

Tags:    

Similar News