ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വഴിമുടക്കി കനത്ത മഴ; ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; രഹാനെയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്; കോലിക്ക് ആദരമായി വെള്ളക്കടലായി ആര്‍ത്തലച്ച് ആര്‍സിബി ആരാധകര്‍
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വഴിമുടക്കി കനത്ത മഴ
ബെംഗളൂരു: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വഴിമുടക്കി മഴയുടെ കളി. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വരികയായിരുന്നു.
ഇതോടെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് അടുത്തു.
ദിവസങ്ങള്‍ക്കു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍സിബിയുടെ ഇന്ത്യന്‍ താരം വിരാട് കോലിയെ ആദരിക്കാനുളള വേദിയായി മാറുകയായിരുന്നു വെള്ള പുതച്ചുനിന്ന ഗാലറി. എന്നാല്‍ മത്സരം നടക്കാതെ വന്നതോടെ ആരാധകര്‍ നിരാശരായി.
ഇന്ത്യ - പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. ആര്‍സിബി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ കോലിക്ക് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ 18-ാം നമ്പര്‍ ടെസ്റ്റ് ജേഴ്സി ധരിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്.
വൈകുന്നേരം മഴപെയ്യുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും നിരവധി ആരാധകരാണ് കോലിയുടെ ടെസ്റ്റ് ജേഴ്സി ധരിച്ച് സ്റ്റേഡിയത്തിലെത്തിയത്. കനത്ത മഴ പെയ്തിട്ടും ഇവര്‍ സ്റ്റേഡിയത്തില്‍ തുടരുകയും ചെയ്തു.
ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് കോലിയുടെ 18-ാം നമ്പര്‍ ടെസ്റ്റ് ക്രികറ്റ് ജേഴ്‌സി ധരിച്ചുവരാന്‍ ആര്‍സിബി ആരാധകക്കൂട്ടത്തിന്റെ ആഹ്വാനമുണ്ടായിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് കോലിയുടെ ടെസ്റ്റ് ജേഴ്‌സിയുടെ വില്‍പ്പന തകൃതിയായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്റ്റേഡിയത്തിന് സമീപം നിരവധി തെരുവു കച്ചവടക്കാരാണ് കോലിയുടെ ജേഴ്‌സി വില്‍പ്പന നടത്തിയത്.