'ധോണിക്ക് താല്‍പര്യമുള്ള കാലം വരെ കളിക്കാന്‍ സാധിക്കും; ആരാധകര്‍ കളി കാണാന്‍ ആഗ്രഹിക്കുന്നു; ധോണിക്കാണ് യഥാര്‍ഥ ആരാധകരുള്ളത്; മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിലാണ്; ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്'; വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍

വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍

Update: 2025-05-18 10:46 GMT

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം മഴ മുടക്കിയപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയ്ക്ക് ആദരമൊരുക്കാനായി തൂവെള്ള ജേഴ്‌സിയും ധരിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടെങ്കിലും ആര്‍സിബി ആരാധകര്‍ കോലിക്ക് ആദരമൊരുക്കിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ഇതിനിടെ ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് മുന്‍ നായകന്‍ എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലിനിടെ ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു ഹര്‍ഭജന്റെ പ്രസ്താവന. ഏതെങ്കിലും ക്രിക്കറ്റ് താരത്തിന് യഥാര്‍ത്ഥ ആരാധകരുണ്ടെങ്കില്‍ അത് എം എസ് ധോണിക്കാണ്. ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.

''ആര്‍ക്കെങ്കിലും യഥാര്‍ഥ ആരാധകരുണ്ടെങ്കില്‍ അതു ധോണിക്കു മാത്രമാണ്. മറ്റെല്ലാവരും പെയ്ഡ് ആണ്.'' ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ഐപിഎലിലെ കൊല്‍ക്കത്ത ബെംഗളൂരു മത്സരത്തിനു തൊട്ടുമുന്‍പ് ഹര്‍ഭജന്‍ പ്രതികരിച്ചു.

''ധോണിക്ക് അദ്ദേഹത്തിനു താല്‍പര്യമുള്ള കാലം വരെ കളിക്കാന്‍ സാധിക്കും. ആരാധകര്‍ അദ്ദേഹത്തിന്റെ കളി കാണാന്‍ ആഗ്രഹിക്കുന്നു. ധോണിക്കാണ് യഥാര്‍ഥ ആരാധകരുള്ളത്. മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളില്‍ മാത്രമാണ്. ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്.'' ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ഇത്രയും സത്യങ്ങള്‍ വിളിച്ചു പറയണ്ടായിരുന്നു എന്ന് ആകാശ് ചോപ്ര പറഞ്ഞപ്പോള്‍, സത്യം ആരെങ്കിലും പറയണമെന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.

ഹര്‍ഭജന്റെ പ്രസ്താവന വിരാട് കോലി ആരാധകരെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചയും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുടങ്ങി. ഐപിഎല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ ഒന്‍പതും തോറ്റു. മൂന്നു വിജയങ്ങളില്‍നിന്ന് ആറു പോയിന്റു മാത്രമാണു ടീമിനുള്ളത്. അടുത്ത സീസണിലും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Tags:    

Similar News