ജഡേജയും സുന്ദറും ഒരു സെഞ്ചുറി അര്‍ഹിക്കുന്നുവെന്ന് ശുഭ്മാന്‍ ഗില്‍; ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ വന്നതല്ലെന്ന് ഗംഭീര്‍; ബെന്‍ സ്റ്റോക്‌സിന്റെ 'സമനില' നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും; സ്റ്റോക്‌സിന്റെത് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് അശ്വിന്‍
ബെന്‍ സ്റ്റോക്‌സിന്റെ 'സമനില' നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും
മാഞ്ചെസ്റ്റര്‍: ഓള്‍ഡ്ട്രാഫഡിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം നാടകീയ സംഭവങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിങ്ടന്‍ സുന്ദറും സെഞ്ചുറിക്ക് അരികെ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ താരങ്ങളെ സമീപിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. കളി നേരത്തേ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് തയ്യാറായെങ്കിലും ഇന്ത്യ അതിന് വിസമ്മതിച്ചത് ഇംഗ്ലണ്ട് താരങ്ങളെ അസംതൃപ്തരാക്കിയിരുന്നു.
ബെന്‍ സ്റ്റോക്‌സ് അടക്കമുള്ളവര്‍ കൈ കൊടുത്ത് സമനിലയില്‍ പിരിയാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ വഴങ്ങിയില്ല. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറി തികയ്ക്കാനായാണ് ഇന്ത്യ കളി തുടരാനുള്ള തീരുമാനമെടുത്തത്. ഇപ്പോഴിതാ വിഷയത്തില്‍ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ ശുഭ്മാന്‍ ഗില്ലും.
ഒരാള്‍ 90 റണ്‍സിലും മറ്റൊരാള്‍ 85 റണ്‍സിലും ബാറ്റ് ചെയ്യുകയാണെങ്കില്‍ അവര്‍ സെഞ്ചുറിക്ക് അര്‍ഹരല്ലേ സ്വന്തം കളിക്കാര്‍ ഏതെങ്കിലും നാഴികക്കല്ലുകള്‍ക്ക് അടുത്തെത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് കളം വിടുമായിരുന്നോ ഇല്ല. ഞങ്ങളുടെ താരങ്ങള്‍ പ്രതിസന്ധികളെ അതിജീവിച്ചു. അവര്‍ ആ സെഞ്ചുറികള്‍ നേടിയെടുത്തു. ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ ഇവിടെ വന്നതല്ല- മത്സരശേഷം ഗംഭീര്‍ പറഞ്ഞു.
നായകന്‍ ഗില്ലും സമാനമായ പ്രതികരണമാണ് നടത്തിയത്. അത് കളിക്കാരുടെ തീരുമാനമായിരുന്നു. അവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഇരുവരും 90-കളിലായിരുന്നതുകൊണ്ട് അവര്‍ ഒരു സെഞ്ചുറി അര്‍ഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ കരുതി.- ഗില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ബാറ്റിംഗ് പ്രകടനം വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന് ശേഷം ധീരമായ പ്രയത്‌നമായിരുന്നു നടത്തിയത്. അത് എളുപ്പമായിരുന്നില്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 138 ഓവറില്‍ 386 റണ്‍സില്‍ നില്‍ക്കേ, സമനിലയില്‍ പിരിയാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയില്‍ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്‌സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്ടണ്‍ സുന്ദര്‍ (80), ജഡേജ (89) എന്നീ സ്‌കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാന്‍ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്റ്റോക്സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്റ്റോക്സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങള്‍ക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.
അതേ സമയം ബെന്‍ സ്റ്റോക്‌സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ രംഗത്ത് വന്നു. സ്റ്റോക്‌സിന്റേത് ഇരട്ടത്താപ്പാണെന്ന് അശ്വിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിജയം പിടിച്ചെടുക്കാനാവാത്തതില്‍ നിരാശനായ ഇംഗ്ലണ്ട് നായകന്‍ എനിക്കു കിട്ടാത്തത് നിനക്കും വേണ്ടെന്ന നിലപാടിലാണ് ജഡേജക്കും സുന്ദറിനും സെഞ്ചുറി നിഷേധിക്കാന്‍ ശ്രമിച്ചതെന്നും അശ്വിന്‍ പറഞ്ഞു. വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ സ്വന്തം കളിക്കാരോടാണ് അസ്വസ്ഥനാവേണ്ടത്.
അതിന് നിങ്ങള്‍ ഹെല്‍മെറ്റ് വലിച്ചെറിയുകയോ ഡ്രസ്സിംഗ് റൂമിലെ ചുമരിലിടിക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തോളു. അല്ലാതെ ഏകപക്ഷീയമായി മത്സരം അവസാനിപ്പിക്കാനായി എതിരാളിക്ക് കൈ കൊടുത്ത് അവരുടെ സെഞ്ചുറി നിഷേധിക്കാന്‍ ശ്രമിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഞങ്ങള്‍ ജയിച്ചില്ല, എന്നാല്‍ പിന്നെ നീ സെഞ്ചുറി അടിക്കേണ്ട എന്ന നിലപാടായിരുന്നില്ല സ്റ്റോക്‌സ് സ്വീകരിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് സന്തോഷമില്ല, നിങ്ങളും അങ്ങനെ സന്തോഷിക്കേണ്ട എന്ന ചിന്തയായിരുന്നു ആ സമയം സ്റ്റോക്‌സിന്. അസ്വസ്ഥതകൊണ്ട് അവര്‍ പണ്ട് ഗ്രെഗ് ചാപ്പല്‍ എറിഞ്ഞതുപോലെ അണ്ടര്‍ ആം എറിയുമോ എന്ന് വരെ ഞാന്‍ സംശയിച്ചു.
ഒരു ദിവസം മുഴുവന്‍ ക്രീസില്‍ നിന്ന് ഇംഗ്ലീഷ് ബൗളര്‍മാരെയെല്ലാം നേരിട്ട അവര്‍ക്ക് സെഞ്ചുറി നേടാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട്. ആ സമയത്ത് ഹാരി ബ്രൂക്കിനെ അടിച്ചാണോ നീ സെഞ്ചുറി തികയ്ക്കാന്‍ പോകുന്നതെന്നൊക്കെയാണ് സ്റ്റോക്‌സ് ജഡ്ഡുവിനോട് ചോദിക്കുന്നത്. എന്നാല്‍ പിന്നെ സ്റ്റോക്‌സ് ആന്‍ഡ്ര്യു ഫ്‌ലിന്റോഫിനെ കൊണ്ടുവരട്ടെ കളിക്കാന്‍. നമ്മളാരും വേണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ. നമ്മള്‍ പറഞ്ഞിട്ടാണോ അവര്‍ ഹാരി ബ്രൂക്കിനെക്കൊണ്ട് പന്തെറിയിച്ചത്. അത് അവരുടെ തെറ്റാണ്. ഞാനായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനത്തെങ്കില്‍ ഇന്ത്യ ബാക്കിയുള്ള മുഴുവന്‍ ഓവറുകളും ബാറ്റ് ചെയ്യുമായിരുന്നു- അശ്വിന്‍ പറഞ്ഞു.
അതുപോലെ സെഞ്ചുറി അടിക്കണമായിരുന്നെങ്കില്‍ വേഗത്തില്‍ ബാറ്റ് ചെയ്യണമെന്നാണ് സ്റ്റോക്‌സിന്റെ അടുത്തുണ്ടായിരുന്ന സാക് ക്രോളി പറഞ്ഞത്. അത് ബാറ്റ് ചെയ്യുന്നവരുടെ ഇഷ്ടമാണ്, എങ്ങനെ ബാറ്റ് ചെയ്യണമെന്നത്. ജഡേജയുടെയും സുന്ദറിന്റെയും സ്ഥാനത്ത് സാക് ക്രോളിയും ബെന്‍ സ്റ്റോക്‌സുമായിരുന്നു ബാറ്റ് ചെയ്തിരുന്നത് എങ്കില്‍ ക്രിക്കറ്റിലെ മാന്യത കണക്കിലെടുത്ത് ആ സമയം സമനിലക്ക് സമ്മതിച്ച് കൈ കൊടുക്കുമായിരുന്നോ. അതാലോചിക്കുമ്പോള്‍ തന്നെ എനിക്ക് ചിരിയാണ് വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് സമനിലയല്ല, വിജയം തന്നെയാണെന്നും അശ്വിന്‍ പറഞ്ഞു.