'പരിശീലകര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയാറല്ല; അവര്‍ ടീമില്‍ തുടരുന്നത് കരിയറിന്റെ തുടക്കത്തില്‍ കളിച്ച പ്രകടനങ്ങളുടെ മികവില്‍; ബാബറും റിസ്വാനുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കട്ടെ'; ഇരുവരെയും പരിഹസിച്ച് മുന്‍ താരങ്ങള്‍

'ബാബറും റിസ്വാനുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കട്ടെ'

Update: 2025-08-14 13:01 GMT

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍ പരമ്പര കൈവിട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനെയും മുന്‍ നായകന്‍ ബാബര്‍ അസമിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. ബാബറും റിസ്വാനും പരിശീലകര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയാറല്ലെന്നും പണ്ട് കരിയറിന്റെ തുടക്കത്തില്‍ കളിച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ടീമില്‍ തുടരുന്നതെന്നും മുന്‍താര ബാസിത് അലി പറഞ്ഞു. കമ്രാന്‍ അക്മലും ഷൊയൈബ് അക്തറും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

ബാബര്‍ ഈഗോ മാറ്റിവെക്കാന്‍ തയാറാവണമെന്നും അല്ലെങ്കില്‍ ബാബറും റിസ്വാനുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കുന്നതാണ് നല്ലതെന്നും ബാസിത് അലി പറഞ്ഞു. അവര്‍ക്ക് ആരെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്നും എന്നാല്‍ മുഹമ്മദ് യൂസഫോ, യൂനിസ് ഖാനോ, ഇന്‍സമാം ഉള്‍ ഹഖോ ഒന്നും ഒരുകാലത്തും അതിന് തയാറായിട്ടില്ലെന്നും ബാസിത് അലി പറഞ്ഞു.

ബാബര്‍ ഗ്രൗണ്ടില്‍ കുറച്ചുകൂടി സന്തുലിതമായ സമീപനം സ്വീകരിക്കണമെന്ന് ബാബറിന്റെ കസിന്‍ കൂടിയായ മുന്‍ താരം കമ്രാന്‍ അക്മല്‍ പറഞ്ഞു. ബാബറിനെ അടുത്തറിയാവുന്ന ആളെന്ന നിലക്ക് ബാബറിന് ഈഗോ ഇല്ലെന്ന് തനിക്കറിയാമെന്നും കുടംബാംഗങ്ങളോടെല്ലാം വളരെ സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് ബാബറെന്നും കമ്രാന്‍ പറഞ്ഞു. എന്നാല്‍ ബാബര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ടെന്നും ക്രിക്കറ്റിനെക്കാള്‍ വലുതല്ല താനെന്ന് ബാബര്‍ മനസിലാക്കണമെന്നും കമ്രാന്‍ പറഞ്ഞു.

കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ലോക ക്രിക്കറ്റ് ഒരുപാട് മാറിയപ്പോള്‍ പാക് താരങ്ങളെല്ലാം വ്യക്തിപരമായ നേട്ടത്തിനും ശരാശരിക്കും വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് മുന്‍ താരം ഷൊയൈബ് അക്തര്‍ തുറന്നടിച്ചു. കളിക്കാരുടെ സമീപനവും മനോഭാവവും മാറ്റാതെ പാകിസ്ഥാന് ജയിക്കാനാവില്ലെന്നും പന്തിന് ചെറി സീം ലഭിച്ചാല്‍ പോലും പാക് താരങ്ങള്‍ മൂക്കുകുത്തി വീഴുമെന്നും അക്തര്‍ പറഞ്ഞു. റാവല്‍പിണ്ടി പിച്ച് എല്ലായിടത്തും എടുത്തുകൊണ്ടുപോകാനാവില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അക്തര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര നേടിയ പാകിസ്ഥാന്‍ ടീം ഏകദിന പരമ്പരയില്‍ 2-1ന് തോറ്റിരുന്നു. ടി20 ടീമില്‍ ഇല്ലാതിരുന്ന ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനും ഏകദിന പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല. പാകിസ്ഥാന്‍ 202 റണ്‍സിന് തോറ്റ അവസാന ഏകദിനത്തില്‍ റിസ്വാന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ബാബര്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. 92 റണ്‍സിന് ഓള്‍ ഔട്ടായാണ് പാകിസ്ഥാന്‍ 202 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയത്.

Tags:    

Similar News