സേവാഗിന്റെയല്ലെ മകന്‍! അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യന്‍ പേസര്‍ക്കെതിരെ തുടരെ ബൗണ്ടറികള്‍; ആര്യവീറിന്റെ ബാറ്റിങ് ദൃശ്യങ്ങള്‍ വൈറല്‍

Update: 2025-08-28 06:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍. ഇന്ത്യന്‍ പേസര്‍ക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചാണ് ആര്യവീര്‍ സേവാഗ് വരവേറ്റത്. താരലേലത്തില്‍ എട്ടു ലക്ഷം രൂപയ്ക്കാണ് ആര്യവീറിനെ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയ ആര്യവീര്‍ 16 പന്തില്‍ 22 റണ്‍സടിച്ചാണു പുറത്തായത്.

റൈഡേഴ്‌സിനായി കളിക്കുന്ന ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നിയുടെ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു ഫോറുകള്‍ ബൗണ്ടറി കടത്തിയാണ് ആര്യവീര്‍ തുടങ്ങിയത്. അഞ്ചാം ഓവറില്‍ റോണക് വഗേലയ്‌ക്കെതിരെയും രണ്ട് ഫോറുകള്‍ അടിച്ചെങ്കിലും ഇതേ ഓവറില്‍ താരം പുറത്തായി മടങ്ങുകയായിരുന്നു. റോണക് വഗേലയുടെ പന്തില്‍ മയങ്ക് റാവത്ത് ക്യാച്ചെടുത്താണ് ആര്യവീറിനെ പുറത്താക്കുന്നത്.

ഡല്‍ഹി റൈഡേഴ്‌സിനെതിരായ ആര്യവീറിന്റെ ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 18 വയസ്സുകാരനായ ആര്യവീര്‍ ഡല്‍ഹി അണ്ടര്‍ 19 ടീമില്‍ അംഗമാണ്. പിതാവിനെപ്പോലെ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സിന്റെ ഓപ്പണിങ് ബാറ്ററായിട്ടായിരുന്നു ആര്യവീര്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണര്‍ യാഷ് ധുള്‍ കളിക്കാതിരുന്നതോടെയാണ് ആര്യവീറിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നത്.

മത്സരത്തില്‍ 62 റണ്‍സ് വിജയമാണ് സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. യുഗല്‍ സെയ്‌നി അര്‍ധ സെഞ്ചറിയുമായി തിളങ്ങിയതോടെ (32 പന്തില്‍ 52) 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സ് 16 ഓവറില്‍ 93 റണ്‍സടിച്ച് ഓള്‍ഔട്ടായി. മോനി ഗ്രെവാല്‍ അഞ്ചു വിക്കറ്റു വീഴ്ത്തി തിളങ്ങി.

Similar News